ഇടുക്കി :പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിൽ പള്ളിവാസൽ വിപുലീകരണ പദ്ധതി. 2X30 മെഗാവാട്ട് ശേഷിയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം ഇപ്പോൾ നടക്കുന്നുണ്ട്. നിലവിൽ നൂറ് ദശലക്ഷം യൂണിറ്റിലേറെ വൈദ്യുതി ഇതിനകം ഗ്രിഡിലേക്ക് നൽകിയതായും കെ എസ് ഇ ബി വ്യക്തമാക്കി.
ജൂൺ 17ന് പദ്ധതി നാടിന് സമർപ്പിക്കാൻ കെ എസ് ഇ ബി ലക്ഷ്യമിട്ടിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിന്ന് നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക്, ഹോട്ടൽ മാലിന്യങ്ങൾ പദ്ധതിയുടെ ഇൻടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളിൽ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മൂലം പൂർണ്ണ തോതിലുള്ള ഉത്പാദനത്തിൽ ചില സമയങ്ങളിൽ കുറവുവരുന്ന സ്ഥിതിയുണ്ടെന്ന് കെ എസ് ഇ ബി അധികൃതർ പറഞ്ഞു.
ഇതു കാരണം ഉദ്ഘാടനം വൈകും. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഇൻടേക്ക് ചാനൽ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഇൻടേക്ക് പൂളുമായി കണക്ട് ചെയ്തുകൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താവുമെന്നും അധികൃതർ അറിയിച്ചു.
ഇതിന്റെ പ്രാഥമിക നടപടികൾ തുടങ്ങിയിട്ടുണ്ട്. പരമാവധി ഉൽപാദനം ലഭിക്കുന്നതിനായി ട്രാഷ് റാക്ക് ഗേറ്റിൽ അടിഞ്ഞുകൂടുന്ന മാലിന്യം മാനുവൽ ആയി മാറ്റിക്കൊണ്ട് നിലവിൽ പ്രവർത്തനം നടത്തിവരികയാണ്.
താൽക്കാലിക പരിഹാരം എന്ന നിലയിൽ ഫുള്ളി ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനർ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മാലിന്യം അരിച്ചുമാറ്റാനുള്ള കോംബിന്റെ ഫാബ്രിക്കേഷൻ നടപടികൾ പുരോഗമിക്കുന്നതായും പുഴയിൽ നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഉത്പാദനം നിർത്തിവച്ചുകൊണ്ട് ഈ ജോലികൾ പൂർത്തിയാക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
കോംബിന്റെ പൂർണ്ണതോതിൽ ഉള്ള നിർമ്മാണവും സ്ഥാപനവും കഴിഞ്ഞതിനുശേഷം പ്രവർത്തനം പരിശോധിച്ച് നിലയത്തിൽനിന്ന് പൂർണ്ണ തോതിലുള്ള ഉത്പാദനം ഉറപ്പുവരുത്തിയശേഷം സെപ്റ്റംബർ മാസത്തോടുകൂടി പദ്ധതിയുടെ ഔദ്യോഗിക കമ്മീഷനിംഗ് നടത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്നും കെ എസ് ഇ ബി അധികൃതർ കൂട്ടിച്ചേർത്തു.