/sathyam/media/media_files/2025/06/20/ajith-kumar-a-jayakumar-2025-06-20-13-42-11.jpg)
ഇടുക്കി: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കാണാൻ സൗകര്യമൊരുക്കിയെന്ന പറയപ്പെടുന്ന എ. ജയകുമാറിനെ പദവികളിൽ നിന്ന് നീക്കി രാഷ്ട്രീയ സ്വയം സേവക സംഘം.
കൂടിക്കാഴ്ച്ച സംബന്ധിച്ച വിവരങ്ങൾ പുറത്താവുകയും അത് കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചതിലും ആർ.എസ്.എസ് ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
സംഘടനയുടെ വിശേഷാൽ സമ്പർക്ക പ്രമുഖ് സ്ഥാനത്ത് നിന്നും പ്രചാരക സ്ഥാനത്ത് നിന്നുമാണ് ജയകുമാറിനെ നീക്കിയത്.
തൊടുപുഴയിൽ മൂന്നുദിവസമായി തുടരുന്ന പ്രാംതീയ പ്രചാരക് ബൈഠക്കിലാണ് തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന കൂടിക്കാഴ്ച്ച ഏറെഞ വിവാദമായിരുന്നു. കഴിഞ്ഞവർഷം മേയ് 12 മുതൽ 27 വരെ തൃശൂരിൽ പാറമേക്കാവ് വിദ്യാമന്ദിറിൽ സംഘടിപ്പിച്ച ദ്വിതീയ വർഷ് സംഘ ശിക്ഷാവർഗിനിടെ മേയ് 23 നാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് സർ കാര്യവാഹ് അഥവാ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കണ്ടത്.
ഇതിന് വഴിയൊരുക്കിയത് വിശേഷാൽ സമ്പർക്ക പ്രമുഖ് എ. ജയകുമാറായിരുന്നു. അദ്ദേഹത്തെയാണ് തൽസ്ഥാനത്ത് നിന്ന് ആർ.എസ്.എസ്. നീക്കിയത്. പ്രചാരക സ്ഥാനത്ത് നിന്നു കൂടി അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.
തൃശൂരിൽ ആർ.എസ്.എസ് ക്യാംപിനിടെ മുതിർന്ന നേതാവായ ഹൊസബാളെയെ എ.ഡി.ജി.പി കണ്ട വിവരം ചോർന്നതിൽ ആർ.എസ്.എസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് കൂടിക്കാഴ്ചയുടെ വിവരം ആദ്യം പരസ്യമായി പറഞ്ഞത്.
അദ്ദേഹത്തിന് വിവരം ചോർത്തി നൽകിയവർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സംഘനേതൃത്വം അന്നുതന്നെ വിലയിരുത്തി. അതിന് മുമ്പാണ് പി.വി. അൻവർ അജിത്കുമാറിനെക്കുറിച്ച് പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുകയും പിണറായി സർക്കാരിനെതിരായ ആദ്യവെടിപൊട്ടിക്കുകയും ചെയ്തത്.
വിവാദങ്ങളിലൂടെ ഹൊസബളെയെയും പൂരംകലക്കിയായി ചിത്രീകരിച്ചതിലും നേതൃത്വം അമർഷം രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള പൊലീസ് ഓഫിസറെ സംഘത്തിന്റെ പ്രധാന യോഗസ്ഥലത്തേയ്ക്ക് കൊണ്ടുവന്നത് ഒഴിവാക്കണമായിരുന്നുവെന്നും അജിത്കുമാറിന്റെ സന്ദർശനോദ്ദേശ്യം മുൻകൂട്ടി മനസിലാക്കേണ്ടതായരുന്നുവെന്നും ആർ.എസ്.എസ് നേതൃതവത്തിന് വിലയിരുത്തലുണ്ടായിരുന്നു.
സംസ്ഥാനത്തെ ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാവിനെ കണ്ടിട്ടും സർക്കാർ നടപടിയെടുക്കാത്തതും അനേ്വഷണം നടത്താത്തതും വിമർശിച്ച് സി.പി.ഐയും രംഗത്ത് വന്നിരുന്നു.
സംസ്ഥാന പൊലീസിൽ ആർ.എസ്.എസ് നുഴഞ്ഞ് കയറിയെന്ന സി.പി.ഐ നേതാവ് ആനിരാജയുടെ പ്രസ്താവന വീണ്ടും ചർച്ചയാവുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി - ആർ.എസ്.എസ് - സി.പി.എം ഡീലാണ് നടന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ സർക്കാർ ഇതുവരെയും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us