അശരണരുടെയും, പാവങ്ങളുടെയും ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണു ചത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമമാണു ക്രിസ്തുവിന്റെ സുവിശേഷം. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാക്കാനും അവരെ വേട്ടയാടാനും മതംമാറ്റ നിരോധന നിയമങ്ങള്‍ ഉപയോഗിക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

ഇന്ത്യയെപ്പോലെയുള്ള ഒരു വിശാല ജനാധിപത്യ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും വേറിട്ട ഒരു നീതി തികച്ചും ആശങ്കാജനകവും അപലപനീയവുമാണു അദ്ദേഹം പറഞ്ഞു. 

New Update
bishop mar madathikandathil

തൊടുപുഴ: സമൂഹത്തിലെ ആര്‍ക്കും വേണ്ടാത്ത അശരണരുടെയും, പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടി വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണു ചത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍. 

Advertisment

ഒരേ ഒരു ലക്ഷ്യം പാവങ്ങളുടെയും സാധാരണക്കാരന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണു ക്രിസ്തുവിന്റെ സുവിശേഷം. കാരുണ്യത്തിന്റെ മുഖമായ കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ ആള്‍ക്കൂട്ട വിചാരണയിലൂടെ വികൃതമാക്കുന്ന സംഘപരിവാര്‍ ശക്തികളെ നിങ്ങള്‍ക്കു നാശമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. 

bishop mar madathikandathil-2

കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തില്‍ ചത്തീസ്ഗഡില്‍ സന്യാസിനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരായി പ്രതിഷേധ സംഗമവും പ്രാഥനാ റാലിയിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയെപ്പോലെയുള്ള ഒരു വിശാല ജനാധിപത്യ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും വേറിട്ട ഒരു നീതി തികച്ചും ആശങ്കാജനകവും അപലപനീയവുമാണു അദ്ദേഹം പറഞ്ഞു. 

നൂറ്റാണ്ടുകളായി ക്രൈസ്തവ സമൂഹം ഇന്ത്യയ്ക്കു നല്‍കിയ സംഭാവനകള്‍ അവര്‍ണനീയമാണ്. രാജ്യത്തെ 2.5% വരുന്ന ക്രൈസ്തവരാണ് 40% വരുന്നവരുടെ വിദ്യാഭ്യാസവും ആതുരസേവനവും നിര്‍വഹിക്കുന്നത്. 

ന്യൂനപക്ഷ വിരുദ്ധ വികാരം ആളിക്കത്തിച്ച് ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം കൂടിയായി ഈ അക്രമങ്ങളെ കാണണം.

kothamangalam dioces protest-2

വര്‍ഗീയ ധ്രുവീകരണം നടത്തി തിരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ ബിജെപിക്ക് ഇതു സഹായകമാകുന്നു. ഛത്തീസ്ഗഢിലെ സംഭവങ്ങള്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്നു ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും, അവരുടെ മതസ്വാതന്ത്ര്യം നിഷേധിക്കാനും, ഹിന്ദുരാഷ്ട്ര അജണ്ട നടപ്പിലാക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. 

ഈ വിഷയത്തില്‍ കോടതികള്‍ പോലും സംശയത്തിന്റെ നിഴലിലാണ്. ഛത്തീസ്ഗഢിലെ പല അക്രമ സംഭവങ്ങളിലും ആദിവാസി വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ ഇരകളാകുന്നുണ്ട്. 

ആദിവാസികളെ ഹിന്ദുക്കളായി നിലനിര്‍ത്താനും അവരെ ബ്രാഹ്മണ മതത്തിന്റെ ഭാഗമാക്കാനുമുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നുണ്ട്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുന്നു.

സംഘപരിവാര്‍ സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് അവരെ ഭയപ്പെടുത്താനും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടാണ്. ഇതു പലപ്പോഴും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേരെയും അവരുടെ സ്ഥാപനങ്ങള്‍ക്കു നേരെയും അക്രമങ്ങളായി മാറാറുണ്ട്. 

kothamangalam dioces protest

2024-25 ല്‍ 168 അക്രമങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇത്തരം സംഭവങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും സ്വന്തം വിശ്വാസങ്ങള്‍ പിന്തുടരുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നു. 

ഇന്ത്യയെ ഒരു 'ഹിന്ദുരാഷ്ട്ര'മാക്കി മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണങ്ങള്‍. ഇതിന്റെ ഭാഗമായി ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും 'ആഭ്യന്തര ശത്രുക്കളായി' ചിത്രീകരിക്കുകയും, അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തി ഭൂരിപക്ഷ വിഭാഗത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

നിര്‍ബന്ധിത മതംമാറ്റം തടയുക എന്നതാണു നിയമത്തിന്റെ ലക്ഷ്യമെന്നു സര്‍ക്കാര്‍ പറയുമ്പോഴും, സ്വമേധയാ ഉള്ള മതംമാറ്റങ്ങളെ പോലും തടസപ്പെടുത്തുന്ന വ്യവസ്ഥകള്‍ ഈ നിയമങ്ങളില്‍ ഉണ്ട്. 

kothamangalam dioces protest-3

ഇതു ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാക്കാനും അവരെ വേട്ടയാടാനും ഉപയോഗിക്കുന്നതു ഭരണഘടന ലംഘനമാണെന്നും രൂപതാധ്യക്ഷന്‍ പറഞ്ഞു.

പരിപാടിയില്‍ തൊടുപുഴ ഫൊറോനാ വികാരി റവ. ഫാ. ജോസ് പൊതൂര്‍ സ്വാഗതം ആശംസിച്ചു. റവ. സി. ജോസിയ എസ്.ഡി, റവ. റോയി കണ്ണഞ്ചിറ സി.എം.ഐ എന്നിവര്‍ സന്ദേശം നല്‍കി. റവ. മോണ്‍ വിന്‍സെന്‍റ് നെടുങ്ങാട്ട് കൃതജ്ഞത പറഞ്ഞു. റവ. ജയിംസ് നിരവത്ത് ഒ.സി.ഡി ആരാധന നടത്തി.

പരിപാടികള്‍ക്ക് പിന്തുണയുമായി തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. ദീപക് സംസാരിച്ചു. തൊടുപുഴയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി ആളുകളും സന്യസ്ത സമൂഹവും ചടങ്ങില്‍ പങ്കെടുത്തു. 

Advertisment