ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് താൽക്കാലികമായി അവസാനിപ്പിച്ചതിൽ പ്രതിഷേധം കനക്കുന്നു

2019 ജൂലൈയിൽ ആനയിറങ്കൽ ജലാശയവും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തി ഒരു ദേശീയോദ്യാനം സ്ഥാപിക്കുന്നതിനു വനം വകുപ്പ് സർക്കാരിനു നിർദേശം സമർപ്പിച്ചിരുന്നു.

author-image
admin
New Update
kerala

രാജകുമാരി ∙ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് താൽക്കാലികമായി അവസാനിപ്പിച്ചതിൽ പ്രതിഷേധം കനക്കുന്നു. 7 പതിറ്റാണ്ടിലധികമായി ജനവാസമുള്ള ആനയിറങ്കൽ മേഖലയെ വനമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണു വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടുന്ന വിദഗ്ധസമിതിയുടെ ശുപാർശയെന്നാണു നാട്ടുകാരുടെ പരാതി.

Advertisment

ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് കാട്ടാനകൾക്കു ശല്യമാകുന്നു എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. എന്നാൽ ഇടുക്കി, തേക്കടി ജലാശയങ്ങൾക്കു ചുറ്റും കാട്ടാനകളുണ്ടെങ്കിലും അവിടെ ബോട്ടിങ് നടത്താൻ വനംവകുപ്പിന് എതിർപ്പില്ല എന്നിരിക്കെ ആനയിറങ്കലിലെ ബോട്ടിങ് നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്നു നാട്ടുകാർക്കു മനസ്സിലാകുന്നില്ല. 

2019 ജൂലൈയിൽ ആനയിറങ്കൽ ജലാശയവും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തി ഒരു ദേശീയോദ്യാനം സ്ഥാപിക്കുന്നതിനു വനം വകുപ്പ് സർക്കാരിനു നിർദേശം സമർപ്പിച്ചിരുന്നു. 28 മുതൽ 32 വരെ കാട്ടാനകളുള്ള മേഖലയിൽ മനുഷ്യ-കാട്ടാന സംഘർഷം വ്യാപകമാണെന്നും ഇതു പരിഹരിക്കാൻ 1252 ഹെക്ടർ സ്ഥലത്തു പുതിയ ദേശീയോദ്യാനം കൊണ്ടുവരണമെന്നുമായിരുന്നു വനംവകുപ്പിന്റെ നിർദേശം.

2003ൽ 5 സെറ്റിൽമെന്റുകളിലായി 559 കുടുംബങ്ങൾക്കു നൽകിയ 276 ഹെക്ടർ ഭൂമിയും എച്ച്എൻഎലിനു നൽകിയ 365 ഹെക്ടർ ഭൂമിയും ഉൾപ്പെടെയാണ് 1252 ഹെക്ടർ ഭൂമി ദേശീയോദ്യാനത്തിനായി വനം വകുപ്പ് കണ്ടെത്തിയത്. കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിനുൾപ്പെടെ 13 കോടി 80 ലക്ഷം രൂപ ചെലവു വരുമെന്നും റിപ്പോർട്ടിലുണ്ട്. ആനയിറങ്കലിലെ സ്പീഡ് ബോട്ട് സർവീസ് കാട്ടാനകളെ മാനസിക പിരിമുറുക്കത്തിലാക്കുന്നതായും വനംവകുപ്പ് സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 

ആനയിറങ്കലിൽ പുതിയ ദേശീയോദ്യാനമെന്ന ആവശ്യം സർക്കാർ തള്ളിയെങ്കിലും വനംവകുപ്പ് ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണു വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വിദഗ്ധസമിതി ആനയിറങ്കലിലെ ബോട്ടിങ് നിർത്താൻ ശുപാർശ നൽകിയതും ജലാശയത്തിന്റെ കരയിലൂടെയുണ്ടായിരുന്ന ഒരു റോഡിൽ കിടങ്ങുണ്ടാക്കി കാൽനടയാത്രയുൾപ്പെടെ തടസ്സപ്പെടുത്തിയതും ആനയിറങ്കൽ മേഖലയെ സംരക്ഷിതവനമാക്കാനുള്ള നടപടികളുടെ ഭാഗമാണെന്നു നാട്ടുകാർ സംശയിക്കുന്നു.

idukki anayirangal-dam
Advertisment