മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടത്തി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു അടിയന്തരഘട്ടങ്ങളിൽ പരമാവധി 3000 ഘനയടി വെള്ളമാണ് അപ്പർ ക്യാംപ് ഡാമിൽ നിന്നു തമിഴ്‌നാട്ടിലേക്കു തുറന്നുവിടാൻ കഴിയുക.ഇതു കൂട്ടുന്നതിനുള്ള നടപടികളാണു തമിഴ്നാട് ആലോചിക്കുന്നത്.

author-image
admin
New Update
kerala

കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു അടിയന്തരഘട്ടങ്ങളിൽ പരമാവധി 3000 ഘനയടി വെള്ളമാണ് അപ്പർ ക്യാംപ് ഡാമിൽ നിന്നു തമിഴ്‌നാട്ടിലേക്കു തുറന്നുവിടാൻ കഴിയുക. ഇതു കൂട്ടുന്നതിനുള്ള നടപടികളാണു തമിഴ്നാട് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി തമിഴ്നാട് ജലവിഭവ വകുപ്പ്, വൈദ്യുതി ബോർഡ്, ഹൈവേ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ അപ്പർ ക്യാംപ് ഡാം പരിസരത്തു പരിശോധന നടത്തി.

Advertisment

അപ്പർ ക്യാംപ് ഡാമിൽ നിന്നു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം ഒഴുകുന്ന ഭാഗവും സ്ലൂയിസ് ബ്രിജ് വഴി വെള്ളം ഒഴുകുന്ന പ്രദേശവും ഉദ്യോഗസ്ഥർ പരിശോധിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു ടണൽ വഴി അപ്പർ ക്യാംപിൽ എത്തിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പ് വഴി സെക്കൻഡിൽ പരമാവധി 1800 ഘനയടിയും സ്ലൂയിസ് ബ്രിജ് വഴി (ഇറച്ചിപ്പാലം) സെക്കൻഡിൽ പരമാവധി 1200 ഘനയടിയുമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. ഇതിൽ സ്ലൂയിസ് ബ്രിജ് വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് എങ്ങനെ കൂട്ടാമെന്നാണു തമിഴ്നാട് പരിശോധിക്കുന്നത്.

ചീഫ് എൻജിനീയർ പൊൻരാജ്, മധുര സോൺ ചീഫ് എൻജിനീയർ ജ്ഞാനശേഖർ, ചെന്നൈ ജലവിഭവ ഓപ്പറേഷൻസ് ആൻഡ് മെയ്ന്റനൻസ് ചീഫ് എൻജിനീയർ സുരേഷ്, ജലവിഭവ എൻജിനീയർ മലർവിഴി, പെരിയാർ ഡാം എക്സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ കുമാർ, അസി. എൻജിനീയർ നവീൻകുമാർ, രാജഗോപാൽ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടി‍ന്റെ വിദഗ്ധ പരിശോധനയ്ക്കു മേൽനോട്ട സമിതി തീരുമാനിച്ചതിന്റെ പിന്നാലെയാണു തമിഴ്നാടിന്റെ നീക്കം. അണക്കെട്ടിൽ സ്വതന്ത്രസമിതിയുടെ വിദഗ്ധ പരിശോധന നടത്തണമെന്നാണു സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ നിർദേശം. എന്നാൽ തുടർനടപടികൾക്കായി തമിഴ്നാടിനെയാണു മേൽനോട്ടസമിതി ചുമതലപ്പെടുത്തിയത്. 

mullaperiyar dam tamil nadu
Advertisment