/sathyam/media/media_files/2025/10/22/dhalith-cris-2025-10-22-16-56-42.jpg)
കോട്ടയം : സംസ്‌ഥാനത്തെ മുപ്പത് ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രത്യേകമായി സംവരണം പാക്കേജ് പ്രഖ്യാപിക്കാത്ത പക്ഷം സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകുമെന്ന് സി എസ് ഡി എസ് നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന ദളിത് ക്രൈസ്തവ കോൺക്ലേവ്. തൊഴിൽ വിദ്യാഭ്യാസ രാഷ്ട്രീയ അധികാര മേഖലകളിൽ ദളിത് ക്രൈസ്തവർക്ക് പ്രത്യേമായി സംവരണം പ്രഖ്യാപിക്കണമെന്നും കോൺക്ലേവ് ആവശ്യപ്പെട്ടു. ശബരിമല വികസനവും ചർച്ചകളും പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹാരം ഉണ്ടാക്കാതെ പോകുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ദളിത് ക്രൈസ്തവ സംഗമങ്ങളും റാലിയും സംഘടിപ്പിക്കും.
സി എസ് ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് റൈറ്റ് റവ ജോസ് ജോർജ് ഉദ്ഘാടനം ചെയ്തു. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.
ക്രിസ്തുമതം സ്വീകരിച്ചുവെന്ന പേരിൽ ദളിത് ക്രൈസ്തവർക്ക് സംവരണം നിഷേധിയ്ക്കുന്നത് നീതീകരിക്കുവാൻ കഴിയില്ല. തമിഴ്നാട് - കർണ്ണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ അനുവദിച്ചത് പോലെ ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തുവൻ കേരള സർക്കാരിനും കഴിയും. ദളിത് ക്രൈസ്തവർക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുവാൻ മുന്നണികൾ തയ്യാറാവണമെന്നും പ്രത്യേകമായി കോർപ്പറേഷൻ അനുവദിക്കണമെന്നും കെ കെ സുരേഷ് ആവശ്യപ്പെട്ടു. ചരിത്രകാരൻ ഡോ വിനിൽ പോൾ പ്രബന്ധം അവതരിപ്പിച്ചു.
സി എസ് ഡി എസ് ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, വിവിധ സഭകളിലെ ബിഷപ്പുമാരായ സ്റ്റെഫാനോസ് വട്ടപ്പാറ, പത്രോസ് കൊച്ചുതറയിൽ, ഡോ തോമസ് മാവുങ്കൽ, സാമൂഹ്യ പ്രവർത്തകരായ സണ്ണി എം കപിക്കാട്, ഡോ ടി എസ് ശ്യാംകുമാർ, പാസ്റ്റർ രാജു ആനിക്കാട്, ജെയ്സ് പാണ്ടനാട്, ഡോ സാം കെ ചാക്കോ, പി ഷണ്മുഖൻ,പാസ്റ്റർ ബിനോയ് ജോസഫ്, സി എസ് ഡി എസ് വൈസ് പ്രസിഡന്റ് വി പി തങ്കപ്പൻ, സെക്രട്ടറി ലീലാമ്മ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു
ചിത്രം : സി എസ് ഡി എസ് നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ ദളിത് ക്രൈസ്തവ കോൺക്ലേവ് സി എസ് ഐ സഭ കൊല്ലം കൊട്ടാരക്കര ബിഷപ്പ് റൈറ്റ് റവ ജോസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.(ഇടത് നിന്ന്) വിവിധ സഭകളിലെ ബിഷപ്പുമാരായ റോയ് ഡേവിഡ്,ജോർജ് ആറ്റിൻകര, തോമസ് മാവുങ്കൽ, പത്രോസ് കൊച്ചുതറയിൽ,സ്റ്റെഫാനോസ് വട്ടപ്പാറ, സി എസ് ഡി എസ് പ്രസിഡന്റ് കെ കെ സുരേഷ്, സാമൂഹ്യ പ്രവർത്തകരായ സണ്ണി എം കപിക്കാട്, ടി എസ് ശ്യാംകുമാർ, ജെയ്സ് പാണ്ടനാട്, ഡോ വിനിൽ പോൾ,ബിനോയ് ജോസഫ്, സി എസ് ഡി എസ് ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് എന്നിവർ വേദിയിൽ