/sathyam/media/media_files/2025/12/18/pinarai-vijayan-potty-song-2025-12-18-13-41-24.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള പരാമർശിക്കുന്ന 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി പാട്ടിനെതിരേ പോലീസ് കേസെടുത്തതോടെ സ്വർണക്കൊള്ള പ്രമേയമാക്കിയ നിരവധി പാരഡിപ്പാട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
കേസിലായ പാട്ടിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപനം വന്നുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും ഗാനം പുറത്തിറക്കുക.
ജയിലിൽ നിന്ന് ദേവസ്വം മുൻ പ്രസിഡന്റ് എൻ.വാസു മുഖ്യമന്ത്രി പിണറായിക്ക് എഴുതുന്ന കത്തു പോലെയാണ് പാട്ട് വരുന്നത്. ഇതിനു പുറമെയാണ് സ്വർണക്കൊള്ളയിലെ സിപിഎം ബന്ധം പ്രമേയമാക്കി നിരവധി പാരഡി ഗാനങ്ങൾ പ്രചരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട പാരഡിപ്പാട്ടിനെതിരേ സൈബർ പോലീസാണ് കേസെടുത്തത്. വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയയിലും നിന്ന് പാട്ട് നീക്കം ചെയ്യണമെന്ന് പോലീസ് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കേസെടുത്തതോടെ പാട്ടിന് പ്രചാരം കൂടുകയാണ് ചെയ്തത്. പാട്ടിനെതിരേ രജിസ്റ്റർ ചെയ്ത കേസ് കോടതിയിൽ നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
സ്വർണക്കൊള്ളയിൽ സി.പി.എം നേതാക്കളായ രണ്ട് മുൻ ബോർഡ് പ്രസിഡന്റുമാർ റിമാൻഡിലാണ്. മാത്രമല്ല, രണ്ട് ഭരണസമിതികളെയും നിയമിച്ചത് എൽ.ഡി.എഫ് ഭരണകാലത്താണ്. അതിനാൽ സ്വർണക്കൊള്ളയിലെ വസ്തുതകൾ സാധാരണക്കാർക്ക് മനസിലാക്കാനാവുന്ന തരത്തിൽ പാട്ടിലൂടെ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും അതിൽ മതനിന്ദയോ മതസ്പർദ്ധ വളർത്താനുള്ള ശ്രമമോ ഇല്ലെന്നാണ് വിലയിരുത്തൽ.
പാട്ടിനെതിരായ എഫ്.ഐ.ആർ കോടതി റദ്ദാക്കിയാൽ സർക്കാരിനും പോലീസിനും അത് വലിയ തിരിച്ചടിയായി മാറും.
പാട്ടിന്റെ അണിയറ പ്രവർത്തകരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പാട്ടെഴുതിയ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുള്ള, സംഗീതം നൽകിയ കോഴിക്കോട് സ്വദേശി ഹനീഫ, പാടിയ ഡാനിഷ് കൂട്ടിലങ്ങാടി തുടങ്ങിയവരെ പ്രതിയാക്കി തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതി സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറിയിരുന്നു.
പ്രാഥമിക പരിശോധനയിൽ കേസെടുക്കാമെന്നാണ് കണ്ടെത്തിയതോടെ പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഗാനം തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പാരഡിപ്പാട്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതാണ് പാട്ട്.
കോൺഗ്രസും ബി.ജെ.പിയും പാട്ടിനെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച് വോട്ടുപിടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ സർക്കാർ പാട്ടിനെതിരേ സ്വമേധയാ കേസെടുത്തതല്ലെന്നും പരാതി കിട്ടിയപ്പോൾ പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നുമാണ് സർക്കാരിന്റെ വാദം.
മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഇത്തരം പാട്ടുകൾക്കെതിരേ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇപ്പോഴത്തെ പാരഡിപ്പാട്ട് കേസിനെ ന്യായീകരിക്കുന്നത്.
കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ 1994 -ൽ "ശതാഭിഷേകം" എന്ന റേഡിയോ നാടകം ആകാശവാണി പ്രക്ഷേപണം ചെയ്തു. ആ റേഡിയോ നാടകത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങൾ ആണ്.
ഒരാൾ കിട്ടുവമ്മാവൻ മറ്റെരാൾ 'കിങ്ങിണിക്കുട്ടൻ,' കെ മുരളീധരനെ കളിയാക്കാൻ എ ഗ്രൂപ്പുകാർ 'കിങ്ങിണിക്കുട്ടൻ' എന്ന കഥാപാത്രത്തെ ഉപയോഗിച്ചു.
കെ മുരളീധരനെ പരിഹസിക്കാൻ വേണ്ടി എതിരാളികൾ കിങ്ങിണിക്കുട്ടൻ എന്ന വിളിപേര് ഉപയോഗിച്ച് തുടങ്ങുന്നത് ഈ റേഡിയോ നാടകത്തിൽ നിന്നാണ്.
ഹാസ്യ നാടകത്തിൻ്റെ സ്വീകാര്യത കണ്ട് ജനങ്ങൾ കത്തിലൂടെ വീണ്ടും നാടകം പ്രക്ഷേപണം ചെയ്യാൻ ആകാശവാണിയോട് ആവശ്യപ്പെട്ടു. നാടകത്തിൻ്റെ ടേപ്പുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഹാജരാക്കണം എന്ന് ആകാശവാണി അധികൃതർക്ക് നിർദ്ദേശം പോയി.
എന്നാൽ വാർത്ത പുറത്തായതോടെ മുഖ്യമന്ത്രി തന്നെ അത് നിഷേധിച്ചു. നാടകം വീണ്ടും ടെലികാസ്റ്റ് ചെയ്യരുത് എന്ന കെ കരുണാകരൻ്റെ ആവശ്യം ആകാശവാണി അധികൃതർ കേട്ടില്ല.
ഈ റേഡിയോ നാടകം വീണ്ടും പ്രക്ഷേപണം ചെയ്തതിന് പ്രശസ്തനായ കവിയും ആകാശവാണി ഉദ്യോഗസ്ഥനുമായ എസ് രമേശൻ നായരെ കേന്ദ്ര മന്ത്രാലയം ആൻഡമാൻ ദ്വീപിലേക്ക് സ്ഥലംമാറ്റി. സഹിക്കെട്ട് അദ്ദേഹത്തിന് ആകാശവാണിയിൽ നിന്ന് സ്വയം വിരമിക്കേണ്ടി വന്നു.
പൂവച്ചൽ ഖാദർ എന്ന അതിപ്രശസ്തനായ ഗാനരചയിതാവിനും വിലക്ക് ഉണ്ടായിരുന്നു. കോൺഗ്രസ് നേതാവും കരുണാകരൻ്റെ വിശ്വസ്തനുമായ വനം മന്ത്രി കെ.ജി അടിയോടിക്കെതിരായ വനംക്കൊള്ള സംബന്ധിച്ച കേരളാ കൗമുദി റിപ്പോർട്ട് പുറത്ത് വന്ന സമയം ആയിരുന്നു അത്.
1973 ൽ ചൂഴി എന്ന ചിത്രത്തിന് വേണ്ടി പൂവച്ചൽ ഖാദർ എഴുതിയ പാട്ട് ഇങ്ങനെയായിരുന്നു ''കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന്‍ കൈയ്യൊന്നു നീട്ടൂ രാമാ നാട്ടിലിറങ്ങി വോട്ടു പിടിക്കാന്‍ വേഷം കെട്ടൂ രാമാ നല്ല
വേഷം കെട്ടൂ രാമാ''.
എം എസ് ബാബുരാജ് സംഗീതം നൽകിയ ഫോക് ടച്ച് ഉള്ള ആ ഗാനം സി.പി.എമ്മിൻ്റെ പൊതുയോഗങ്ങളിലെല്ലാം മുഴങ്ങി. ഇതോടെ കോൺഗ്രസ് നേതൃത്വം ഇടപ്പെട്ട് പാട്ടിന് അപ്രഖ്യാപിത വിലക്ക് തന്നെ പുറപ്പെടുവിച്ചു.
വാക്കാലുള്ള കർശന നിർദ്ദേശം തന്നെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടും, ക്യാമ്പസുകളിൽ പാട്ട് തരംഗമായി. ഒരു പാട്ട് എഴുതിയാൽ എന്ത് സംഭവിക്കും എന്ന് ചോദിക്കുന്നവർ ഇത് ഓർക്കുന്നുണ്ടോ എന്നാണ് സർക്കാർ വൃത്തങ്ങൾ ചോദിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us