30-ാമത് ഐഎഫ്എഫ്കെ: ജൂറി ചെയര്‍പേഴ്‌സണായി വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ്

New Update
iffk

തിരുവനന്തപുരം: 30-ാമത് ഐഎഫ്എഫ്കെയിലെ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ്. 

Advertisment

കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്ര മേളയില്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയ ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ കാന്‍ മേളയില്‍നിന്ന് തന്നെ എട്ട് പുരസ്‌കാരങ്ങള്‍ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്. 

ബെര്‍ലിന്‍ മേളയിലെ ഗോള്‍ഡന്‍ ബെയര്‍, ഗോവ ചലച്ചിത്രമേളയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

2025ല്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയേറിയ 100 വ്യക്തികളിലൊരാളായി റസൂലോഫിനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സ്വതന്ത്രമായ ചലച്ചിത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇറാന്‍ ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് രാജ്യഭ്രഷ്ടനായി നിലവില്‍ ജര്‍മനിയിലാണ് കഴിയുന്നത്. 

ഇതുവരെ അഞ്ച് ഫീച്ചര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നുപോലും ഇറാനില്‍ പ്രദര്‍ശിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ജാഫര്‍ പനാഹിയോടൊപ്പം ഒരു സിനിമാ ചിത്രീകരണത്തിനിടെ 2010ല്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ആറു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം കാന്‍ മേളയുടെ മല്‍സരവിഭാഗത്തിലേക്ക് ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എട്ടുവര്‍ഷം തടവും ചാട്ടവാറടിയും പിഴയുമാണ് അദ്ദേഹത്തിന് ലഭിച്ച ശിക്ഷ. ദ റ്റ്വിലൈറ്റ്, അയേണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഈസ് നോ ഇവിള്‍’ എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.

Advertisment