നഷ്ടപരിഹാരം കൂടാതെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് യാത്ര വൗച്ചറും നല്‍കുന്നു

New Update
indigo

തിരുവനന്തപുരം: പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം വന്നിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടന്‍ തന്നെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ പരിചരണത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതിനെന്നും അതിന്റെ ഭാഗമായിട്ടാണ് റീഫണ്ടെന്നും കമ്പനി അറിയിച്ചു.

ട്രാവല്‍ പാര്‍ട്ട്ണറുടെ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ സംവിധാനത്തില്‍ ഇത്തരം യാത്രക്കാരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകാത്തതിനാല്‍ യാത്രക്കാര്‍ customer.experience@goindigo.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും കമ്പനി എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

2025 ഡിസംബര്‍ 3, 4, 5 തിയതികളില്‍ യാത്ര ചെയ്യേണ്ടിയിരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിമാനത്താവളങ്ങളില്‍ അനവധി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നതും തിരക്ക് മൂലം അവര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതും ഇന്‍ഡിഗോ ക്ഷമാപൂര്‍വം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ കമ്പനി അത്തരം കഠിനമായി ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ യാത്ര വൗച്ചര്‍ കമ്പനി വാഗ്ദാനം ചെയ്തു. അടുത്ത 12 മാസത്തിനിടയില്‍ ഇന്‍ഡിഗോയില്‍ നടത്തുന്ന യാത്രയില്‍ ഉപയോഗിക്കാം.

സര്‍ക്കാരിന്റെ നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യാത്ര പുറപ്പെടേണ്ട സമയത്തിന് 24 മണിക്കൂറിനുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഫ്‌ളൈറ്റ് തടസ്സപ്പെട്ട സമയത്തിന് അനുസരിച്ച് 5000 രൂപ മുതല്‍ 10,000 രൂപ വരെ നല്‍കുന്ന നഷ്ടപരിഹാരം കൂടാതെയാണ് യാത്രാ വൗച്ചര്‍ നല്‍കുന്നത്.

Advertisment
Advertisment