/sathyam/media/media_files/yZFFyepEtTeeHtuRgfvn.jpg)
കോട്ടയം: ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലാണ് ഏറ്റവും കുറവ്. എന്നാല്‍, കേരളത്തിലെ ലോക്കല്‍ ട്രെയിനുകളിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവര്‍ ഉണ്ടെന്നതും കേരളത്തിനു നാണക്കേടാണ്. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയിലെ ട്രെയിനുകളില്‍ പുലര്‍ച്ചെ പെട്ടെന്നുള്ള പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്തിയപ്പോള്‍ ഇന്നലെ 294 യാത്രക്കാര്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതായി കണ്ടെത്തുകയും, അവരില്‍ നിന്ന് 95,225 രൂപ പിഴയായി ഈടാക്കുകയും ചെയ്തിരുന്നു.
ആ റൂട്ടിലെ കൂടിയ ടിക്കറ്റ് ചാര്‍ജ് ഇരുപതോ മുപ്പതോ രൂപയാണ്. ആ തുച്ഛമായ തുകയ്ക്കുള്ള ടിക്കറ്റു പോലും എടുത്തു യാത്ര ചെയ്യാന്‍ ഇത്തരക്കാര്‍ തയാറല്ല. കഴിഞ്ഞ വര്‍ഷം കൊല്ലം - പുനലൂര്‍ ലൈനില്‍ ഏതാണ്ട് 50 പേരെ പിടികൂടുകയും ഇതില്‍ പത്തോളം കേരള സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിരുന്നു. ലോക്കല്‍ ട്രെയിനുകളിലെ തിരക്കു മുതലെടുത്താണ് ഇത്തരം സാഹസിക യാത്രകള്‍.
ടിക്കറ്റില്ലാത്തവരെ പിടികൂടി പിഴയീടാക്കാന്‍ ടി.ടി.ഇ മാരെക്കൂടാതെ സ്‌പെഷല്‍ സ്‌ക്വാഡും കേരളത്തിലുണ്ട്. ഇവര്‍ക്കു പ്രതിമാസം ഫൈനായി ഈടാക്കേണ്ട തുകയ്ക്കു ടാര്‍ജറ്റും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, കാലുകുത്താന്‍ ഇടയില്ലാത്ത മെമുവിലും വേണാട് പോലുള്ള ലോക്കല്‍ ട്രെയിനുകളില്‍ ഇത്തരം പരിശോധനകള്‍ സാധ്യമല്ല. ട്രെയിന്‍ യാത്രയുടെ സുരക്ഷയാണ് ഇത്തരം സംഭവങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ട്രെയിനുകളില്‍ യാത്രക്കാര്‍ക്കു മാത്രമല്ല, ടി.ടി.ഇ മാരടക്കമുള്ള ജീവനക്കാര്‍ക്ക് നേരെ പോലും തുടരെ ആക്രമണങ്ങളുണ്ടാകുന്നതു യാത്രക്കാരുടെയും ജീവനക്കാരുടെയും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എറണാകുളം- പാട്‌ന എക്‌സ്പ്രസില്‍ ഉത്തരേന്ത്യക്കാരനായ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടി.ടി.ഇ വിനോദിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ ദാരുണ സംഭവം ട്രെയിന്‍ യാത്രക്കാരെ മാത്രമല്ല, റെയില്‍വെ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചതാണ്.
ട്രെയിനില്‍ യാത്രക്കാരെ ആക്രമിക്കുക മാത്രല്ല, കൊലപ്പെടുത്തിയ സംഭവങ്ങള്‍ വരെ കേരളത്തില്‍ നടന്നിട്ടുണ്ട്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയും തള്ളിയിട്ടു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി ഗോവിന്ദച്ചാമി ഇപ്പോഴും വധശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്.
റെയില്‍വെയില്‍ വിവിധ വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തോളം ഒഴിവുകളുണ്ടെങ്കിലും അതു നികത്താനുള്ള ഒരു നടപടിയും റെയില്‍വെയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ഇതു സുരക്ഷാ വീഴ്ചകള്‍ക്കു കാരണമാകുന്നുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്ന പ്രക്രിയയും മുന്നേറുകയാണ്. കേരളത്തില്‍ കൊല്ലം, എറണാകുളം സൗത്ത്, ടൗണ്‍ സ്റ്റേഷനുകളാണ് ഇങ്ങനെ നവീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, സുരക്ഷ കുറഞ്ഞ മറ്റു സ്‌റ്റേഷനുകളില്‍ നിന്നു ടിക്കറ്റെടുക്കാതെ ട്രെയിനുകളില്‍ കയറിപ്പറ്റാന്‍ സാധിക്കും.