New Update
/sathyam/media/media_files/2025/08/16/tyfjyg-2025-08-16-15-13-28.jpeg)
തിരുവനന്തപുരം:ടെക്നോപാര്‍ക്കില്‍ 79-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പാര്‍ക്ക് സെന്‍റര്‍ ഫേസ് വണ്‍ കാമ്പസില്‍ ദേശീയ പതാക ഉയര്‍ത്തി.
Advertisment
പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, എസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ഓപ്പറേഷന്‍സ് ആന്‍റ് മെയിന്‍റനന്‍സ് ടീം, സപ്പോര്‍ട്ട് സ്റ്റാഫ്, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ആഘോഷത്തിന്‍റെ ഭാഗമായി.
തിളങ്ങുന്ന ഇന്ത്യയുടെ ഭാഗമാകാന്‍ ടെക്നോപാര്‍ക്കിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. രാജ്യത്തിന്‍റെ നവീകരണം, വളര്‍ച്ച, ആഗോള മികവ് എന്നിവയില്‍ വലിയ സംഭാവന നല്കാന്‍ ടെക്നോപാര്‍ക്കിന് സാധിക്കുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച പൂര്‍വ്വികര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, സൈനികര്‍ എന്നിവരെ അദ്ദേഹം അനുസ്മരിച്ചു.
കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ വിലമതിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഏതു മേഖലയിലായാലും ചെയ്യുന്ന ജോലികളില്‍ 100 ശതമാനം പ്രതിബദ്ധത പുലര്‍ത്താനായാല്‍ മികച്ച ഫലം ലഭിക്കും. രാജ്യത്തിനാണ് പ്രഥമസ്ഥാനം. ഈ ദര്‍ശനത്തിലൂന്നി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അവരവരുടെ ജോലികളില്‍ അഭിമാനിക്കാനാകണം. രാജ്യത്തിന് പ്രഥമസ്ഥാനം നല്കുന്നതിലൂടെ പുതിയ ഉയരങ്ങളിലേക്ക് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരതത്തിനായി കൂടുതല്‍ പ്രയത്നിക്കണം. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 78 വര്‍ഷം പിന്നിടുമ്പോള്‍ ടെക്നോപാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ 35 വര്‍ഷം പിന്നിടുകയാണ്. ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ചയില്‍ ജീവനക്കാര്‍ വലിയ സംഭാവന നല്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ് 4 കാമ്പസില്‍ ഷൈജു എന്‍ ലാല്‍ (രജിസ്ട്രാര്‍), ഫേസ് 3 കാമ്പസില്‍ മാധവന്‍ പ്രവീണ്‍ (സിടിഒ), ഫേസ് 5 കാമ്പസില്‍ വിപിന്‍ കുമാര്‍ എസ് (സിഎഫ്ഒ- കേരള ഐടി പാര്‍ക്ക്സ്) എന്നിവര്‍ പതാക ഉയര്‍ത്തി.