/sathyam/media/media_files/2025/10/18/india-vision-2025-10-18-17-07-09.jpg)
കോഴിക്കോട്: മലയാളത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായിരുന്ന ഇന്ത്യാവിഷൻ ന്യൂസിൻ്റെ പേരും ലോഗോയും ദുരുപയോഗിച്ച് വ്യാജ മാധ്യമസ്ഥാപനം ആരംഭിച്ചതായി ചെയർമാൻ ഡോ. എം.കെ. മുനീർ.
ഇന്ത്യാവിഷൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യാവിഷനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരം ഒരു കള്ളപ്രചാരണം ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാവിഷൻ്റെ പേരും സമാനമായ ലോഗോയും ഉപയോഗിച്ച് പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി യഥാർത്ഥ ഇന്ത്യാവിഷൻ ചാനലിന് യാതൊരു ബന്ധവുമില്ല.
ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യാവിഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഇന്ത്യാവിഷൻ അധികൃതർ അഭ്യർത്ഥിച്ചു.
മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീറാണ് ഇന്ത്യാവിഷൻ ന്യൂസിൻ്റെ ചെയർമാൻ. സാമ്പത്തിക പ്രതിസന്ധി കാരണം 2015-ലാണ് ചാനൽ പ്രവർത്തനം നിർത്തിയത്.
ചാനൽ വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കവെയാണ് ഇത്തരമൊരു വ്യാജ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.