ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലൂര്‍ തീരത്ത് കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെയും നാല് ജെട്ടി തൊഴിലാളികളെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.
തമിഴ്നാടിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഓപ്പറേഷന്‍. തൈക്കല്‍ തോണിത്തുറ ഗ്രാമത്തിലെ ആറ് മത്സ്യത്തൊഴിലാളികളാണ് സ്വകാര്യ ബോട്ടുകളില്‍ കടലില്‍ പോയത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇവര്‍ കുടുങ്ങുകയായിരുന്നു.
ചിത്രപ്പേട്ട ഗ്രാമത്തില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള ചെംപ്ലാസ്റ്റ് ജെട്ടിയിലെ നാല് തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ ഒറ്റപ്പെട്ടു പോയത്.
ഇവരെ രക്ഷപ്പെടുത്താനായി ഐസിജി റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ഈസ്റ്റ്) ചെന്നൈയിലെ കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനില്‍ നിന്ന് ഒരു അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ വിന്യസിച്ചു.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഹെലികോപ്റ്റര്‍ കൃത്യമായി തിരച്ചില്‍ നടത്തി രക്ഷാപ്രവര്‍ത്തനം നടത്തി 10 പേരെയും സുരക്ഷിതമായി ചിത്രപ്പേട്ടയിലേക്ക് മാറ്റി.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തീരത്തോട് അടുക്കുമ്പോള്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
നവംബര്‍ 30ന് പുലര്‍ച്ചയോടെ പുതുച്ചേരിക്ക് സമീപമുള്ള കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ന്യൂനമര്‍ദം ഫെംഗല്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.
ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 45-55 കിലോ മീറ്റര്‍ വേഗതയിലും ചില സമയങ്ങളില്‍ 65 കിമീ വേഗത്തിലും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരദേശ ജില്ലകളില്‍ കാറ്റിനും മഴയ്ക്കുമൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മഴയെ തുടര്‍ന്ന് ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കൂടല്ലൂര്‍, വില്ലുപുരം ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ആഴത്തിലുള്ള ന്യൂനമര്‍ദം നിലവില്‍ നാഗപട്ടണത്തിന് ഏകദേശം 330 കിലോമീറ്റര്‍ തെക്ക് കിഴക്കും പുതുച്ചേരിയില്‍ നിന്നും ഏകദേശം 390 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയില്‍ നിന്നും 430 കിലോ മീറ്റര്‍ തെക്ക്-തെക്ക് കിഴക്കും സ്ഥിതി ചെയ്യുകയാണ്.
ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ നെല്‍കൃഷി വ്യാപകമായി നശിച്ചു. 800 ഏക്കറിലധികം സ്ഥലത്തെ നെല്‍കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി.
കാമേശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വേന്ദ്രപ്പ, വനമാദേവി, വല്ലപ്പള്ളം, കാളിമിഠ്, എരവയല്‍, ചെമ്പോയിടി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍.