ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യമായി ഇന്ത്യ. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 65 ശതമാനവും അതിസമ്പന്നരായ പത്തുശതമാനം പേരുടെ കൈവശം. വരുമാന അസമത്വം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു വിമര്‍ശനം

New Update
eco

കോട്ടയം: ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 58 ശതമാനവും 10% വരുന്ന ആളുകളിലേക്കാണു പോകുന്നതെന്നും ലോക അസമത്വറിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisment

താഴെത്തട്ടിലുള്ള 50 ശതമാനം പേര്‍ക്ക് ലഭിക്കുന്നത് വരുമാനത്തിന്റെ 15 ശതമാനം വിഹിതം മാത്രമാണ്. എന്നാല്‍, മധ്യവര്‍ഗത്തിന്റെ പുരോഗതിക്കു കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു ആക്ഷേപം ഉയരുന്നുണ്ട്.


ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ശമ്പളക്കാരായ ജീവനക്കാരും മധ്യവര്‍ഗവും വലിയ തോതിലുള്ള ആദായനികുതി ഇളവുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, കാര്യമായ മാറ്റങ്ങളില്ലാതെ മുന്‍പത്തെ രീതികള്‍ തുടരാനാണു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തീരുമാനിച്ചത്.


ആദായനികുതി സ്ലാബുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ, നികുതി നയത്തില്‍ സുസ്ഥിരതയ്ക്കും ഘട്ടംഘട്ടമായുള്ള പരിഷ്‌കാരങ്ങള്‍ക്കുമാണു മുന്‍ഗണന നല്‍കിയിരിക്കുന്നത്.
പുതിയ നികുതി വ്യവസ്ഥയെ  കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഇത്തവണയും ബജറ്റ് ശ്രമിച്ചത്.

നികുതിരഹിത വരുമാന പരിധി 15 ലക്ഷം രൂപ വരെ ഉയര്‍ത്തുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, വലിയ മാറ്റങ്ങള്‍ക്ക് പകരം ചെറിയ തോതിലുള്ള ഇളവുകള്‍ മാത്രമാണു നല്‍കിയത്. ഇതു സാമ്പത്തിക അസമത്വം കൂട്ടാനേ കാരണമാകൂ എന്നും ആക്ഷേപമുണ്ട്.

രാജ്യത്തെ മൊത്തം സമ്പത്തിന്റെ 65 ശതമാനവും അതിസമ്പന്നരായ പത്തുശതമാനം പേരുടെ കൈവശമാണ്. അതിസമ്പന്നരായ ഒരു ശതമാനം വരുന്നവരുടെ കൈവശമാണ് 40 ശതമാനം സമ്പത്തെന്നും വേള്‍ഡ് ഇന്‍ഇക്വാലിറ്റി ലാബ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


2022-ലായിരുന്നു ലോക അസമത്വ റിപ്പോര്‍ട്ട് അവസാനമായി പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 2021 വരെ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 57 ശതമാനം വരെ ഉയര്‍ന്ന വരുമാനമുള്ള പത്തുശതമാനത്തിനാണ് പോയിരുന്നത്.


ഇപ്പോഴും സ്ഥിതിയില്‍ വലിയ മാറ്റമില്ല. താഴെയുള്ള 50 ശതമാനത്തിനു ലഭിക്കുന്ന വിഹിതം 13 ശതമാനമായിരുന്നു. ഇപ്പോഴിതില്‍ രണ്ടു ശതമാനം വര്‍ധന പ്രകടമാണ്.

രാജ്യത്തെ ശരാശരി ആളോഹരി വാര്‍ഷിക വരുമാനം 6.59 ലക്ഷം (6200 യൂറോ) രൂപയാണ്. ശരാശരി ആളോഹരി സമ്പത്ത് 29.65 ലക്ഷം (28,000 യൂറോ) രൂപയും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളരെ താഴ്ന്ന നിലയിലാണ്.

15.7 ശതമാനം മാത്രം. കഴിഞ്ഞ ദശാബ്ദത്തില്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി നേടാനായിട്ടില്ല. വരുമാനം, സമ്പത്ത്, ലിംഗം എന്നീ വിഭാഗങ്ങളിലുള്ള അസമത്വം രാജ്യത്ത് രൂക്ഷമായി തുടരുകയാണെന്നും സാമ്പത്തിക വിദഗ്ധരായ ജയന്തി ഘോഷും ജോസഫ് സ്റ്റിഗ്‌ളിസും തയ്യാറാക്കിയ ആമുഖ റിപ്പോര്‍ട്ടില്‍ പറയുന്നു.


ആഗോളതലത്തില്‍ സമ്പത്ത് ചരിത്രത്തിലെ ഉയര്‍ന്ന നിലയിലേക്കെത്തിയിട്ടുണ്ടെങ്കിലും വിതരണം ക്രമമല്ല. താഴെത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ള സമ്പത്തിന്റെ മൂന്നു മടങ്ങിലധികമാണ് 0.001 ശതമാനം മാത്രം വരുന്ന അറുപതിനായിരത്തോളം ശതകോടീശ്വരന്മാരുടെ കൈവശമുള്ളത്.


ഇവരുടെ വിഹിതം തുടര്‍ച്ചയായി ഉയരുന്നു. 1995-ല്‍ നാലു ശതമാനം മാത്രമായിരുന്നു വിഹിതമെങ്കില്‍ ഇപ്പോഴിത് ആറു ശതമാനമായി കൂടി. ആഗോള അസമത്വം സ്‌ഫോടനാത്മകമായ നിലയില്‍ ഉയരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തില്‍ ഏറ്റവും മുന്നിലുള്ള പത്തു ശതമാനത്തിന്റെ കൈവശമാണു നാലില്‍ മൂന്നുഭാഗം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത്. താഴെതട്ടിലുള്ള 50 ശതമാനം പേര്‍ക്കു രണ്ടുശതമാനം മാത്രമാണു വിഹിതം.

Advertisment