ഇന്ത്യയിലെ ആദ്യ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ 'യാനം' ഒക്ടോബര്‍ 17 ന് വര്‍ക്കലയില്‍ ആരംഭിക്കും

New Update
travel-lit-fest-‘Yaanam-at-Varkala
തിരുവനന്തപുരം: ഒക്ടോബര്‍ 17 മുതല്‍ 19 വരെ വര്‍ക്കലയില്‍ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ 'യാന'ത്തിന് അരങ്ങൊരുങ്ങി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവെലിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ 17 ന് വൈകുന്നേരം മൂന്നിന് വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ നടക്കും.

യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന യാനം യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദിയായി മാറും. എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയുള്ള ഈ ഉദ്യമം ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളമെന്ന ഡെസ്റ്റിനേഷനെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാര്‍, കലാകാരന്‍മാര്‍, ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, സാഹസികസഞ്ചാരികള്‍, പാചകരംഗത്തെ പ്രഗത്ഭര്‍ എന്നിവരുടെ കൂടിച്ചേരലിനും അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കിടുന്നതിനുമുള്ള വേദിയായി 'യാനം' മാറും. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പുതിയകാല ടൂറിസം മാതൃകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഫെസ്റ്റിവെലില്‍ രൂപപ്പെടും.
Advertisment

ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വി.ജോയ് എംഎല്‍എ, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, നടിയും വ്ളോഗറുമായ അനുമോള്‍, ഫെസ്റ്റിവെല്‍ ക്യൂറേറ്റര്‍ സബിന്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിട്ട് 5 ന് നടക്കുന്ന 'ഇന്‍ സെര്‍ച്ച് ഓഫ് സ്റ്റോറീസ് ആന്‍ഡ് കാരക്ടേഴ്സ്' എന്ന ആദ്യ സെഷനില്‍ ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, എഴുത്തുകാരി കെ.ആര്‍ മീര, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.

'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിന്‍റെ കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.

എഴുത്തുകാര്‍ക്കും, കലാകാരന്‍മാര്‍ക്കും, ഡോക്യുമെന്‍ററി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കണ്ടുമുട്ടാനും അവരുടെ സഞ്ചാര അനുഭവങ്ങള്‍ പങ്കിടാനും അനുയോജ്യമായ അന്തരീക്ഷമാണ് വര്‍ക്കല ഒരുക്കുന്നതെന്ന് ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു.

കേരള ടൂറിസം ഈ ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ടൂറിസം ഡെസ്റ്റിനേഷന്‍ എന്നതിനൊപ്പം സംസ്ഥാനത്തെ ഒരു സാംസ്കാരിക ഇടം കൂടിയായി അടയാളപ്പെടുത്തുകയാണ്. ഭാവനാത്മക, നൂതന, ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ കേരളം ഇന്ത്യയെ നയിക്കുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള പര്യവേഷകരെയും പണ്ഡിതന്‍മാരെയും വ്യാപാരികളെയും ആകര്‍ഷിച്ച അതുല്യ സ്ഥലമെന്ന നിലയില്‍ കേരളത്തിന്‍റെ അനുഭവത്തെ പ്രതിഫലിപ്പിക്കുകയാണ് 'യാനം 2025' എന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രം എന്ന പരമ്പരാഗത നിര്‍വചനത്തെ മറികടക്കുന്ന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യാത്രികര്‍ക്കും എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും കേരളം നല്‍കുന്ന വ്യത്യസ്തമായ അനുഭവങ്ങളിലേക്ക് കൂടിയാണ് ഈ പരിപാടി വഴി തുറക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകരുടെ ശ്രദ്ധേയ നിരയാണ് യാനം ഫെസ്റ്റിലുള്ളത്.

എഴുത്ത്, ഫേട്ടോഗ്രഫി, ആയുര്‍സൗഖ്യം (വെല്‍നെസ്) തുടങ്ങിയ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പരിശീലന കളരികളും യാനത്തിന്‍റെ ഭാഗമായി നടക്കും.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെല്‍.

രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങള്‍ക്കും: keralatourism.org/yaanam.
Advertisment