യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവം; നെട്ടൂർ സ്വദേശിക്ക് ഇൻഡിഗോ എയർലൈൻസ്‌ 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

New Update
Untitled

കൊച്ചി: യാത്രക്കാരനെ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ട സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ്‌ 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. ​ഐ.ആർ.എസ് ഉദ്യോഗസ്ഥനായ എറണാകുളം നെട്ടൂർ സ്വദേശി ടി.പി. സലിംകുമാർ നൽകിയ പരാതിയിലാണ് ഉത്തരവ്.

Advertisment

​2019 ഡിസംബർ 14ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത പരാതിക്കാരനെ സീറ്റിൽ ഇരുന്നശേഷം വിമാനത്തിന്‍റെ സാ​​ങ്കേതിക ​പ്രശ്നം പറഞ്ഞ് യാത്ര വിലക്കുകയായിരുന്നു. ​

അന്നേ ദിവസംതന്നെയുള്ള മറ്റൊരു വിമാനത്തിൽ യാത്ര അനുവദിക്കാമെന്നും ടിക്കറ്റ് തുക പൂർണമായി തിരികെനൽകുമെന്നും വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും എയർലൈൻസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിറ്റേന്നത്തെ വിമാനത്തിലാണ് തുടർയാത്ര അനുവദിച്ചത്.

​പരാതിക്കാരന് താമസസൗകര്യം നിഷേധിച്ച എയർലൈൻസ്, പകരം എയർപോർട്ട് ലോഞ്ചിലേക്ക് സൗജന്യമായി പ്രവേശനം വാഗ്ദാനംചെയ്തു. എന്നാൽ, ബോർഡിങ്​ സമയത്ത് ലോഞ്ചിൽ കഴിച്ച ആഹാരത്തിനും മറ്റുമായി 2,150 രൂപ ആവശ്യപ്പെടുകയും പണം നൽകുന്നതുവരെ വിമാനത്തിൽ പ്രവേശിക്കുന്നത് തടയുകയും ഷട്ടിൽ ബസിൽനിന്ന് തിരിച്ചിറക്കുകയും ചെയ്തതിലൂടെ പൊതുമധ്യത്തിൽ അപമാനിക്കപ്പെടുകയും ചെയ്തതായി പരാതിക്കാരൻ അറിയിച്ചു. 

സാങ്കേതിക കാരണങ്ങളാലാണ് യാത്രക്കാരനെ തിരിച്ച് ഇറക്കേണ്ടിവന്നതെന്നും വ്യോമയാന ചട്ടങ്ങൾ എല്ലാം പാലിച്ചെന്നും കമ്പനിയും വാദിച്ചു. കൂടാതെ, 10,000 രൂപ യാത്ര വൗച്ചറായും പിന്നീട് 10,000 രൂപ എക്സ് ഗ്രേഷ്യയായും നൽകിയെങ്കിലും പരാതിക്കാരൻ നിരസിച്ചെന്നും ബോധിപ്പിച്ചു.

വിമാനത്തിൽ കയറിയശേഷം ഇറക്കിവിടുന്നത് സേവനത്തിലെ ന്യൂനതയാണെന്നും യാത്ര നിരസിച്ചപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നത് ഗുരുതര വീഴ്ചയാണെന്നും കോടതി വിലയിരുത്തി. 

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ലഭിക്കാവുന്ന നഷ്ടപരിഹാരത്തിനുള്ള അവകാശം ഈ ചട്ടങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനായി വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ​മാനസിക പ്രയാസത്തിനും ധന നഷ്ടത്തിനും കോടതി ചെലവിനത്തിലുമായി 1,20,000 രൂപയാണ് 45 ദിവസത്തിനകം നഷ്ടപരിഹാരമായി നൽകേണ്ടത്.

Advertisment