/sathyam/media/media_files/2025/08/17/akhil-indu-2025-08-17-22-14-34.jpg)
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവനോവലിസ്റ്റ് അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ എഴുത്തുകാരി ഇന്ദുമേനോനെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ഇന്ദു മേനോന്‍ സെപ്തംബര്‍ 15ന് ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു.
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അഖില്‍ പി ധര്‍മജനെ അര്‍ഹനാക്കിയ റാം C/o ഓഫ് ആനന്ദി എന്ന നോവലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സാമൂഹിക മാധ്യമങ്ങളില്‍ എഴുത്തുകാരി ഉന്നയിച്ച വിമര്‍ശനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് അഖില്‍ പി ധര്‍മജന്‍ പരാതി നല്‍കിയത്. വിമര്‍ശനങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണെന്നാണ് എഴുത്തുകാരന്റെ ആക്ഷേപം.
അഖില്‍ പി ധര്‍മജന് എതിരായ പ്രതികരണത്തിന് പിന്നാലെ എഴുത്തുകാരി ഇന്ദുമേനോനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. റാം കെയര്‍ ഓഫ് ആനന്ദി വിമര്‍ശനവുമായി ബന്ധപ്പെട്ട ഗ്രന്ഥകാരനും സംഘാംഗങ്ങളും വളരെ മോശമായ രീതിയില്‍ വെര്‍ച്വല്‍ മോബ് ലിഞ്ചിങ് നടത്തിയിരുന്നെന്ന് ഇന്ദുമേനോനും വ്യക്തമാക്കിയിരുന്നു.
വിദ്വേഷകരവും സ്ത്രീവിരുദ്ധവും അശ്ലീലകരവുമായ ഏകദേശം 150 ഓളം പോസ്റ്റുകള്‍ ലഭിച്ചിട്ടുണ്ട്. 1000 ത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ടെന്നും ഇന്ദുമേനോന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു.