ഐ ബൈ ഇൻഫോപാർക്ക് സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്

New Update
PIC.
കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇൻഫോപാർക്ക് ആരംഭിച്ച പ്രീമിയം കോ വർക്കിംഗ് സ്പേസ് ആയ ഐ ബൈ ഇൻഫോപാർക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് സന്ദർശിച്ചു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
 
കൊച്ചി മേയര്‍ എം അനില്‍കുമാര്‍. ഇന്‍ഫോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചന്ദ്രന്‍, അസി. ജനറല്‍ മാനേജര്‍ സജിത് എന്‍ ജി, അസി. മാനേജര്‍ അനില്‍ എം തുടങ്ങിയ ഇൻഫോപാര്‍ക്ക് ഉദ്യോഗസ്ഥരും മന്ത്രിയ്ക്കൊപ്പം സന്നിഹിതരായിരുന്നു.

മൂന്നാം നില മുതൽ ഒൻപതാം നില വരെയായി ഏഴ് നിലകളിലായാണ് ഐ ബൈ ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. 48,000 ചതുരശ്ര അടിയിൽപരം വിസ്തീർണ്ണമുള്ള ഇവിടെ 580-ൽ അധികം വർക്ക്‌സ്‌റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ വർക്ക്‌സ്‌പേസിൽ ഓരോ നിലയ്ക്കും 6,530 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. പ്രശസ്ത ഐടി കമ്പനിയായ സോഹോ നാലാം നില പൂർണമായി വാടകയ്ക്ക് എടുത്തിട്ടുണ്ട്.

പ്ലഗ് ആന്‍ഡ് പ്ലേ ഫര്‍ണിഷ്ഡ് ഓഫീസുകള്‍, വര്‍ക്ക് സ്റ്റേഷനുകള്‍, ഇവന്റ് സ്പേസ്, ട്രെയിനിംഗ് റൂം, മീറ്റിംഗ് റൂം, കോണ്‍ഫറന്‍സ് റൂം, ലോഞ്ച്, സഹകരണ ചര്‍ച്ചകള്‍ക്കുള്ള കൊളാബ് ഏരിയ, ഫോണ്‍ ബൂത്ത്, പാന്‍ട്രി എന്നിവ ഐ ബൈ ഇൻഫോപാര്‍ക്കിലുണ്ട്.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് ഐ ബൈ ഇൻഫോപാർക്കിലേക്ക് നേരിട്ടുള്ള പ്രവേശനം ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, എംജി റോഡ്, വാട്ടര്‍ മെട്രോ, ബോട്ട് ജെട്ടി, മെട്രോ ഫീഡര്‍ ബസ് സര്‍വീസ് എന്നിവയുടെയെല്ലാം തൊട്ടടുത്താണ് കൊ-വര്‍ക്കിംഗ് സ്പേസ് സ്ഥിതി ചെയ്യുന്നത്. പൊതുഗതാഗത സംവിധാനം മാത്രം ഉപയോഗിച്ച് പോലും തടസ്സങ്ങളില്ലാതെ എത്താന്‍ കഴിയുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൾട്ടി-മോഡൽ ട്രാൻസിറ്റ് ഹബ്ബ് കൊ-വര്‍ക്കിംഗ് സ്പേസാണിത്.

കേരളത്തിലെ ആദ്യത്തെ ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദ കോ-വർക്കിങ് കേന്ദ്രമാണിത്. ഓട്ടിസം സ്‌പെക്‌ട്രം ഡിസോർഡർ, എഡിഎച്ച്ഡി, ഡിസ്‌ലെക്സിയ തുടങ്ങിയ അവസ്ഥകളുള്ള വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകമായി ചെയ്ത ഡിസൈൻ ശൈലിയിലാണ് ഓരോ നിലയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ നിലയ്ക്കും ഓരോ ഇന്ദ്രിയത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേകതകളുണ്ട്. ഉദാഹരണത്തിന്, മൂന്നാം നില 'കാഴ്ച' യെ കേന്ദ്രീകരിച്ച് പ്രത്യേക വാൾപേപ്പറുകളും ടൈലുകളും ഉപയോഗിച്ചിരിക്കുന്നു. നാലാം നില 'രുചിയെ അടിസ്ഥാനമാക്കിയാണെങ്കില്‍ അഞ്ചാം നില 'ഗന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആറാം നില 'സ്പർശവും ശേഷിക്കുന്ന മൂന്ന് നിലകൾ (ഏഴ്, എട്ട്, ഒൻപത് നിലകൾ) 'കേൾവി'യെ അടിസ്ഥാനമാക്കിയുള്ളതുമാണ്.

ഫ്രീ-ലാൻസേഴ്സ്, ഗിഗ് വർക്കേഴ്സ്, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയവയ്ക്ക് പറ്റിയ സ്ഥലമാണിത്. കൊച്ചിയില്‍ പ്രീമിയം വർക്ക്‌സ്‌പേസ് തേടുന്ന ബിസിനസ്സുകൾക്ക് 'ഐ ബൈ ഇൻഫോപാർക്ക്'  പ്രധാന ആകര്‍ഷണമായി മാറും. സമാനമായ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനും ഐടി വകുപ്പിന് പദ്ധതിയുണ്ട്.

കഴിഞ്ഞ മാസം 28 ന് ഐടി വകുപ്പ് കാക്കനാട് സംഘടിപ്പിച്ച വിഷന്‍ 2031 റീകോഡ് സെമിനാറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഐ ബൈ ഇന്‍ഫോപാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഇവിടുത്തെ ആദ്യ കമ്പനിയായ സോഹോയ്ക്കുള്ള അനുമതി പത്രവും മുഖ്യമന്ത്രി തദവസരത്തില്‍ കൈമാറിയിരുന്നു.

ഐ ബൈ ഇന്‍ഫോപാര്‍ക്കിലെ വാണിജ്യസാധ്യതകളെക്കുറിച്ചറിയാന്‍ 0484-2415217 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍- www.ibyinfopark.in എന്ന വെബ്സൈറ്റ് വഴി ലഭിക്കും.
Advertisment
Advertisment