കര്‍ഷക ഭൂമിയില്‍ ഇറങ്ങിയ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തിയിട്ടില്ലെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു എന്നത് ഖേദകരവും അപലപനീയവുമാണ്. പുതിയ തദ്ദേശ ഭരണ സമിതികളെങ്കിലും വന്യമൃഗങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്നും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍റെ അഭ്യര്‍ഥന

കാര്‍ഷിക മേഖലയെ വന്യമൃഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ നിങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പുതിയ ഭരണ സമിതികള്‍ വീഴ്ച വരുത്തരുത്, നടപ്പിലാക്കുന്നതില്‍ നിങ്ങള്‍ ഭീരുക്കളുമാകരുതെന്ന് ഫാ. മറ്റമുണ്ടയില്‍ പറഞ്ഞു. 

New Update
infam silver jubilee-11
Listen to this article
0.75x1x1.5x
00:00/ 00:00

കട്ടപ്പന: കര്‍ഷക ഭൂമിയില്‍ ഇറങ്ങിയ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. 

Advertisment

ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വളരെ മുന്നോട്ടുപോയ കുറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട് എന്ന യാഥാര്‍ഥ്യം മറക്കുന്നുമില്ല. പക്ഷേ അവയുടെ എണ്ണം തുലോം തുച്ഛമാണ് എന്നു മാത്രം. ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

infam silver jubilee-10


സര്‍ക്കാരും, ജനപ്രതിനിധികളും, മാധ്യമങ്ങളും, പൊതുസമൂഹവും തത്വത്തില്‍ കര്‍ഷകാനുകൂല നിലപാടെടുത്തിട്ടും അവ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ ഉത്തരവാദിത്വപ്പെട്ടിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു എന്ന വസ്തുത ഖേദകരവും അപലപനീയവുമാണ്. 


സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത നിങ്ങള്‍ അലംഭാവമില്ലാതെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നാണു പുതിയ തദ്ദേശ ഭരണ സമിതികളോട് പറയാനുള്ളത്. 

infam jubilee samapanam-3

കേരളത്തിന്റെ അമ്മയായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക മേഖലയെ ആക്രമിക്കാനെത്തുന്ന വന്യമൃഗങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അലംഭാവം കാട്ടരുത്. 

കാരണം, കേരളത്തിലെ ജനപ്രതിനിധികളും കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കര്‍ഷക ഭൂമിയില്‍ ഇറങ്ങിയ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്നാണ് ഇന്‍ഫാം എന്ന ഈ കര്‍ഷക സംഘടന ഏര്‍പ്പെടുത്തിയ ജാഗ്രതാസമിതിയുടെ പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

infam silver jubilee-7


ഉത്തരവാദിത്വത്തോടുകൂടി ഇവയെ വെടിവച്ചുകൊല്ലണമെന്നും അതിനെ വെളിച്ചെണ്ണയൊഴിച്ചാണോ മണ്ണെണ്ണയൊഴിച്ചാണോ കത്തിക്കുന്നതെന്ന് നോക്കാന്‍ ഉദ്യോഗസ്ഥര്‍ പോകേണ്ടെന്നും പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഇത്തരത്തിലുള്ള വന്യമൃഗ ആക്രമണങ്ങളോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ ശക്തമായി പ്രതികരിക്കുന്ന മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരുമാണ് കേരളത്തിനുള്ളത്. 


എന്തിനേറെ, കേരളത്തിന്റെ വനംവകുപ്പ് മന്ത്രിപോലും ഈ കാട്ടുമൃഗങ്ങളെ നിയന്ത്രിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നു നിങ്ങളുടെ മുന്‍ഗാമികളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. 

ആയതിനാല്‍, കാര്‍ഷിക മേഖലയെ വന്യമൃഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ നിങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പുതിയ ഭരണ സമിതികള്‍ വീഴ്ച വരുത്തരുത്, നടപ്പിലാക്കുന്നതില്‍ നിങ്ങള്‍ ഭീരുക്കളുമാകരുതെന്ന് ഫാ. മറ്റമുണ്ടയില്‍ പറഞ്ഞു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെടുകയും അഞ്ചുവര്‍ഷത്തേക്ക് അധികാരം കൈകളിലിരിക്കുകയും ചെയ്യുന്ന വിവിധ ജനപ്രതിനിധികളോടും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുമുള്ള അഭ്യര്‍ഥനയാണിത്. 

infam rally-2


കേരളത്തിന്റെ അമ്മയായ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും നിങ്ങള്‍ക്കു നിതാന്ത ജാഗ്രതയും അക്ഷീണ പ്രയത്നവുമുണ്ടാകണം. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനുഗുണങ്ങളായ പദ്ധതികള്‍ പ്രാദേശിക തലത്തില്‍ രൂപകല്‍പ്പന ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും നിങ്ങളാണ്.


ഇന്‍ഫാം മുന്നോട്ടുവച്ച തോട്ടം പുരയിടം പ്രശ്നം പരിഹരിക്കുന്നതിനും, പട്ടയം നല്‍കിയും, നല്‍കിയ പട്ടയങ്ങള്‍ക്ക് താരിഫ് വില നിശ്ചയിച്ച് ക്രയവിക്രയ ശേഷി സംലഭ്യമാക്കിയതിനും, എയ്ഞ്ചല്‍വാലി പ്രദേശത്തെ വനപ്രദേശത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്നതിനും, ഇഎസ്എ, ഇഎഫ്എല്‍, ബഫര്‍സോണ്‍, സിഎച്ച്ആര്‍ എന്നീ കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടപെടുന്നതിലും, സര്‍ക്കാരും ഭരണ പ്രതിപക്ഷ ഭേദമെന്യേ ജനപ്രതിനിധികളും ഒന്നിച്ചു നിലകൊണ്ടു എന്നുള്ളത് നന്ദിയോടെ അനുസ്മരിക്കുന്നു. 

infam idukki

ഈ പ്രശ്നങ്ങള്‍ക്കെല്ലാം പൂര്‍ണമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സാങ്കേതികതയുടെ സങ്കീര്‍ണതകള്‍ ഇവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ക്ക് വേഗത കുറയ്ക്കുന്നുണ്ടെങ്കിലും സ്ഥിരതയോടെ അവ പരിഹരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ നിങ്ങളെടുക്കുന്ന ഉദ്യമങ്ങളെ ഞങ്ങള്‍ മനസിലാക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. 

അവയ്ക്കൊരു ശാശ്വത പരിഹാരം കണ്ടെത്തുന്നതുവരെ ഈ ഉദ്യമങ്ങളില്‍ നിന്ന് പിന്മാറരുതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു

Advertisment