കൊച്ചി: ലഹരിക്കെതിരെ കേരളത്തിലെ ഐടി സമൂഹം നടത്തുന്ന ഏറ്റവും വലിയ പ്രചാരണ പരിപാടിയായ ജിടെക് മാരത്തോണ്‍ ഇന്‍ഫോപാര്‍ക്ക് കൊച്ചി കാമ്പസില്‍ നടക്കും. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് ആണ് എല്ലാ വര്‍ഷവും ലഹരിക്കെതിരായ സന്ദേശം നല്‍കിക്കൊണ്ട് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ജിടെക് ചെയര്‍മാനും ഐബിഎസ് സ്ഥാപകനുമായ വി കെ മാത്യൂസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഐടി പ്രൊഫഷണലുകള്‍ സദുദ്ദേശപരമായ കാര്യത്തിന് വേണ്ടി ഒന്നിക്കുന്ന അവസരമാണിതെന്ന് വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. പ്രതീക്ഷ, ഉത്തരവാദിത്തം, മാറ്റം എന്നിവയ്ക്കായുള്ള മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ഫെബ്രുവരി 15 ഞായറാഴ്ചയാണ് ജിടെക് മാരത്തോണ്‍ നടക്കുന്നത്. ഇക്കുറി 10,000 പേര്‍ മാരത്തോണില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ലക്കത്തില്‍ 7,500 പേര്‍ പങ്കെടുത്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണപരിപാടിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയാണ് ജിടെക് വര്‍ഷം തോറും ഈ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 300ല്‍പ്പരം ഐടി കമ്പനികളുടെ പ്രാതിനിധ്യം ഇതിലുണ്ടാകും.
21.1 കിമി ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍, 10 കിമി ഓട്ടം, 6 കിമി ഓട്ടം, 3 കി. മി ഫണ്‍ റണ്‍ എന്നിവയാണ് ജിടെക് മാരത്തോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് ശാരീരികാവസ്ഥയുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. www.gtechmarathon.com എന്ന വെബ്സൈറ്റിലൂടെ മത്സരാര്‍ഥികള്‍ക്ക് മാരത്തോണില്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും സാധിക്കും.