ക്രിസില്‍ എ സ്റ്റേബിള്‍ റേറ്റിംഗില്‍ ഹാട്രിക് നേടി ഇന്‍ഫോപാര്‍ക്ക്

New Update
Kerala IT Logo (2)
കൊച്ചി: മികച്ച സാമ്പത്തിക പ്രകടനത്തിന്‍റെ അംഗീകാരമായി ഇന്‍ഫോപാര്‍ക്കിന് ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ എ സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലഭിച്ചു. കടബാധ്യത നിയന്ത്രണത്തില്‍ വരുത്തിയതും സംസ്ഥാനസര്‍ക്കാരിന്‍റെ മികച്ച സാമ്പത്തിക പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇന്‍ഫോപാര്‍ക്കിനെ സഹായിച്ചത്.

സാമ്പത്തിക അപകട സാധ്യതകളും ഏകീകൃത ബിസിനസ് സ്വഭാവവും വിലയിരുത്തിയാണ് ക്രിസില്‍ ഏജന്‍സി റേറ്റിംഗ് നിര്‍ണ്ണയിക്കുന്നത്. സാമ്പത്തിക റിസ്ക് പ്രൊഫൈലില്‍ ഇന്‍ഫോപാര്‍ക്ക് ആരോഗ്യകരമായ അവസ്ഥ നിലനിറുത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആഗോള ഭൗമ രാഷ്ട്രീയാന്തരീക്ഷത്തിന്‍റെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും ഇന്‍ഫോപാര്‍ക്ക് സ്ഥിരതയോടെ മുന്നേറുന്നതിന് ക്രിസില്‍ റേറ്റിംഗ് സാക്ഷ്യപത്രമാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. കെട്ടിട ദാതാക്കളെന്നതിനപ്പുറം ലോകനിലവാരത്തിലുള്ള ഐടി ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കുന്നതിനാണ് ഇന്‍ഫോപാര്‍ക്കിന്‍റെ ശ്രമം. ക്രിസില്‍ റേറ്റിംഗിലെ നേട്ടം ഇതിന് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രകടനവും ബാങ്കിംഗ് സാധ്യതകളും പരിശോധിക്കുന്ന റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍. 1987 ല്‍ സ്ഥാപിതമായ ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ ബാങ്കിംഗ് ആവശ്യത്തിനും വിദേശ വായ്പയടക്കമുള്ള കാര്യങ്ങള്‍ക്കും സഹായകരമാണ്.
Advertisment