ടെക്നോസിറ്റിക്ക് സമീപത്തെ ആനതാഴ്ചിറ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

New Update
trech tour
തിരുവനന്തപുരം: ടെക്നോസിറ്റിക്ക് സമീപം യാഥാര്‍ഥ്യമാക്കുന്ന ആനതാഴ്ചിറ വിനോദസഞ്ചാര പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭൂരേഖ റവന്യൂ മന്ത്രി കെ. രാജന്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന് കൈമാറി. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായി.
Advertisment

ആനതാഴ്ചിറ പദ്ധതി നാടിന്‍റെ മുഖച്ഛായ മാറ്റുമെന്നും പ്രാദേശികമായ വികസനം സാധ്യമാക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ പ്രദേശത്ത് എത്തും. തൊഴില്‍ സംരംഭങ്ങള്‍ക്ക് സാധ്യതയൊരുക്കുകയും പ്രദേശത്തിന്‍റെ സാമൂഹിക, സാമ്പത്തിക വികസനം സാധ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടെക്നോസിറ്റിക്ക് സമീപം തിരുവനന്തപുരം നഗരാതിര്‍ത്തിയോട് ചേര്‍ന്ന് അണ്ടൂര്‍ക്കോണം ആനതാഴ്ചിറയിലെ 16.7 ഏക്കര്‍ ഭൂമിയിലാണ് വിനോദസഞ്ചാര കേന്ദ്രം വരുന്നത്.

ടൂറിസം പദ്ധതികളിലൂടെ നാടിന്‍റെ വികസനം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. തിരുവനന്തപുരത്തിന്‍റെ ടെക് ഹബ്ബായ ആക്കുളം മുതല്‍ മംഗലപുരം വരെയുള്ള പ്രദേശത്തിന്‍റെ ഭാഗമായ ആനതാഴ്ചിറയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന ടൂറിസം പദ്ധതിയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാത, ടെക്നോസിറ്റി എന്നിവയോട് ചേര്‍ന്നുള്ള പ്രദേശം എന്ന നിലയില്‍  ആനതാഴ്ചിറ ടൂറിസം പദ്ധതിക്ക് ഏറെ സാധ്യതകളാണുള്ളതെന്ന് മന്ത്രി ജി ആര്‍. അനില്‍ പറഞ്ഞു. കേരളത്തിലെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ഇതിനാകും. ആനതാഴ്ചിറയുടെ ടൂറിസം സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രൂപരേഖ തയ്യാറാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹരികുമാര്‍, ജനപ്രതിനിധികളായ എം. ജലീല്‍, ഉനൈസ അന്‍സാരി, കെ. മാജിത ബീവി, കെ. സോമന്‍, എ.ആര്‍ റഫീഖ്, മണി മധു, അനിതകുമാരി, അര്‍ച്ചന തുടങ്ങിയവര്‍ സംസാരിച്ചു.

റവന്യൂ- പഞ്ചായത്ത് വകുപ്പുകളുടെ കൈവശമുള്ള ഭൂമിയാണ് പദ്ധതിയ്ക്കായി ടൂറിസം വകുപ്പിന് അനുവദിച്ചത്. 'നൈറ്റ്ലൈഫ്' ഉള്‍പ്പെടെയുള്ള നൂതന ടൂറിസം പദ്ധതികള്‍ ആനതാഴ്ചിറയെ ആകര്‍ഷകമാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത  (പിപിപി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം സെപ്റ്റംബര്‍ ആദ്യവാരത്തോടെ ക്ഷണിക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ ഫ്രീഡം പാര്‍ക്കും ഇവിടെ സജ്ജമാക്കും. പുത്തന്‍ ഇന്നൊവേഷനുകളുടെ പ്രദര്‍ശനമടക്കമുള്ളവ ഇതിന്‍റെ ഭാഗമായുണ്ടാകും. ജലാധിഷ്ഠിത സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായി പരിസ്ഥിതി സൗഹൃദപാര്‍ക്ക്, സൈക്കിള്‍ സവാരിക്കായി പ്രത്യേക സംവിധാനം എന്നിങ്ങനെ പരിസ്ഥിതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന. 
Advertisment