/sathyam/media/media_files/2025/02/09/haglNhe23x6I4BOOrGkT.jpg)
തിരുവനന്തപുരം : ധനപ്രതിസന്ധി മൂലം ഇത്തവണത്തെ സംസ്ഥാന ബജറ്റിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ചെലവുചുരുക്കലിനെ പറ്റി ഇത്തവണയും സര്‍ക്കാരിന് ആലോചനയില്ല. വീണ്ടും പുതിയ ഇന്നോവകള്‍ വാങ്ങാന്‍ ബജറ്റില്‍ തുക വക കൊള്ളിച്ചിരിക്കുകയാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ധൂര്‍ത്തും ദുര്‍ചെലവിനുമടക്കം സര്‍ക്കാര്‍ ഏറെ പഴി കേട്ടിരുന്നു. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമടക്കം വലിയ വിലയുള്ള കാറുകള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ ഉദ്യോഗസ്ഥരും അത് തന്നെ കീ്വഴക്കമാക്കി.
പുതിയ മന്ത്രിമാര്‍ അധികാരമേറ്റപ്പോള്‍ എല്ലാവര്‍ക്കും മുപ്പത് ലക്ഷത്തോളം വിലയുള്ള പുതിയ ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. മുഖ്യമന്ത്രിക്കും കിട്ടി പ്രത്യേക പരിഗണന. സുരക്ഷാകാരണങ്ങളുടെ പേര് പറഞ്ഞ് ഇന്നോവ മാറ്റി അദ്ദേഹത്തിന് കിയ കാര്‍ണിവല്‍ എന്ന ലിമോസിന്‍ കാറാണ് നല്‍കിയത്.
ദൂരയാത്രകളും സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് പുതിയ കാര്‍ മുഖ്യമന്ത്രിക്ക് വേണ്ടി വാങ്ങിയതെന്നാണ് സര്‍ക്കാര്‍ ന്യകയീകരണം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും ചില കേന്ദ്ര മന്ത്രിമാരും ഹോണ്ടി സിറ്റി, മാരുതി സിയാസ് തുടങ്ങി 15 ലക്ഷത്തില്‍ താഴെയുള്ള കാറുകളില്‍ യാത്ര ചെയ്യുമ്പോഴാണ് കേരളത്തില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഇന്നോവ പ്രേമം ഖജനാവിന്റെ നട്ടെല്ല് തകര്‍ക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍, കോര്‍പ്പറേഷന്‍ തലപ്പത്തുള്ളവര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കും ഇന്നോവ തന്നെ ഉപയോഗിക്കണമെന്ന പിടിവാശിയാണുള്ളത്.
ഉദ്യോഗസ്ഥര്‍ക്ക് ഈ വണ്ടികള്‍ നല്‍കുന്നതെന്തിനാണെന്ന വിശദീകരണം ഇനിയും വന്നിട്ടില്ല. ധൂര്‍ത്തും ആഡംബരവും കൊണ്ട് പൊറുതിമുട്ടിയിട്ടും ഇന്നോവ പ്രേമത്തിന് ഒരു കുറവും ഇതുവരെ സംഭവിച്ചിട്ടില്ല.
വി.ഐ.പികള്‍ക്ക് നല്‍കുന്ന വാഹനങ്ങളുടെ പഴക്കം മൂന്നു വര്‍ഷം കഴിയരുതെന്നും ഒന്നര ലക്ഷം കിലോമീറ്ററില്‍ അധികം സഞ്ചരിക്കരുതെന്നുമുള്ള ടൂറിസം വകുപ്പിന്റെ കാലഹരണപ്പെട്ട നിബന്ധനയാണ് ഈ ധൂര്‍ത്തിന് പിന്നില്‍. കൃത്യമായി സര്‍വീസും പരിപാലനവുമുള്ള വാഹനങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇതിന്റെ രണ്ടിരട്ടി കിലോമീറ്ററുകള്‍ സഞ്ചരിക്കുമെന്നിരിക്കെ പഴയ നിയമം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
മുമ്പ് അംബാസിഡര്‍ കാറുകള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന കാലത്താണ് ഈ നിബന്ധന കൊണ്ടുവരുന്നത്. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന അത്തരം വാഹനങ്ങളുടെ കാര്യത്തില്‍ ഈ നിബന്ധന ശരിയാണെങ്കിലും കാലവും വാഹനങ്ങളുടെ നിലവാരവും മാറിയതിന് അനുസരിച്ച് ഈ നിര്‍ദേശവും മാറേണ്ടതുണ്ട്.