നൂതന എച് ആര്‍ ശീലങ്ങള്‍ ഭാവിയുടെ ആവശ്യം ഗവ. സൈബര്‍പാര്‍ക്കിലെ നാസ്കോം സെമിനാര്‍

New Update
Innovative HR

കോഴിക്കോട്: പുതുതലമുറ ജീവനക്കാര്‍ വ്യാപകമായി റിക്രൂട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നൂതന എച് ആര്‍ ശീലങ്ങള്‍ സംയോജിപ്പിക്കേണ്ടത് ഭാവിയുടെ ആവശ്യമാണെന്ന് അവെര്‍ണ എച് ആര്‍ മേധാവി സുമി നായര്‍ പറഞ്ഞു. ഗവ. സൈബര്‍പാര്‍ക്കും നാസ്കോമും ചേര്‍ന്ന് സംഘടിപ്പിച്ച ഫ്യൂച്ചര്‍ പ്രൂഫിംഗ് എച്ആര്‍, മൈന്‍ഡ്സെറ്റ്, മെട്രിക്സ് ആന്‍ഡ് മീനിംഗ് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നിരന്തരമായി മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന തൊഴിലിടത്തിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെക്കുറിച്ചുള്ള വിവിധ വീക്ഷണങ്ങള്‍ സെമിനാറില്‍ പങ്കുവച്ചു. ഭാവിയെ മുന്നില്‍ കണ്ടുള്ള മികച്ച പ്രൊഫഷണല്‍ സംഘത്തെ എങ്ങിനെ വാര്‍ത്തെടുക്കാം എന്നതിനെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുന്നോട്ടു പോയി വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമായി എച് ആറിനെ പരിണമിപ്പിക്കാനാകുമെന്ന് സുമി നായര്‍ പറഞ്ഞു. വിവിധ അന്താരാഷ്ട്ര പഠനങ്ങളായ ഗാര്‍ട്ണര്‍, ഡെലോയിറ്റ്, മക്കെന്‍സി, തുടങ്ങിയവയില്‍ നിന്ന് യുക്തമായത് ഉപയോഗപ്പെടുത്താമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വാണിജ്യ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാനാവശ്യമായ പ്രതിഭകളെ കണ്ടെത്തി, മികച്ച പഠനങ്ങളെ അടിസ്ഥാനമാക്കി തൊഴിലിടങ്ങള്‍ സാര്‍ഥകമാക്കാനാകും. അതു വഴി ഭാവിയില്‍ എച് ആര്‍ മേഖല പ്രാധാന്യമുള്ളത് മാത്രമല്ല, ഒഴിവാക്കാനാവാത്തത് കൂടിയാകുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

നാസ്കോം റീജിയണല്‍ ഹെഡ് എം എസ് സുജിത് ഉണ്ണിയും സന്നിഹിതനായിരുന്നു. ഗവ. സൈബര്‍ പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള ജീവനക്കാരും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Advertisment
Advertisment