കൊച്ചി : പൊതുഗതാഗതത്തെ കൂടുതല്‍ ജനകീയവും യാത്രാസൗഹൃദവുമായി മാറ്റുന്നതില്‍ ബസ്‌സ്റ്റോപ്പുകള്‍ക്ക് വലിയ പങ്കുണ്ടെന്ന ആശയം മുന്നോട്ടുവച്ച് ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്‌നോളജി ആന്‍ഡ് ക്രിയേറ്റിവ് ആര്‍ട്‌സ്. ഇതിനായി ഭാവിയിലെ ബസ് കാത്തിരിപ്പിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായ സ്ഥാപനം.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ രീതിയില്‍ ബസ്‌സ്റ്റോപ്പുകളെ മാറ്റാനാണ് ഇന്‍സൈറ്റ് ലക്ഷ്യമിടുന്നത്. മാലിന്യമില്ലാത്തതും പുനരുപയോഗ വസ്തുക്കള്‍, സൗരോര്‍ജ്ജം, പ്രാദേശിക കരകൗശല വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്തി ബസ് സ്റ്റോപ്പുകളെ മാറ്റത്തിന്റെ ഇടങ്ങളാക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. കളമശേരി ഇന്നോവേഷന്‍ ഹബ്ബില്‍ നടക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ (കെഐഎഫ് 2025) ഇതിന്റെ മാതൃകയ്ക്ക് രൂപം നല്‍കും. ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്‌നോളജി ആന്‍ഡ് ക്രിയേറ്റിവ് ആര്‍ട്‌സ് ചെയര്‍മാനും കൊച്ചി കോര്‍പ്പറേന്‍ മുന്‍ സെക്രട്ടറിയുമായ രാഹുല്‍ ആര്‍ ഐആര്‍എസ് (റിട്ട.) ആണ് ആശയത്തിനു പിന്നില്‍.
സംസ്ഥാനത്ത് നിലവിലെ ബസ് സ്റ്റോപ്പുകള്‍ ഭൂരിഭാഗവും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഈ രൂപകല്‍പ്പന. ഇതു സംബന്ധിച്ച് യാത്രക്കാരുമായും ബസ് ഡ്രൈവര്‍മാരുമായും നാട്ടുകാരുമായും സംസാരിച്ച് ഇന്‍സൈറ്റ് അഭിപ്രായം ശേഖരിച്ചിരുന്നു.
ഏകരൂപമില്ലാത്തവയാണ് കേരളത്തിലെ ബസ് സ്റ്റോപ്പുകളെന്നും വിദഗ്ധരുമായി സഹകരിച്ചും സിംഗപ്പൂര്‍, ബാഴ്സലോണ തുടങ്ങിയ നഗരങ്ങളിലെ വിജയ മാതൃകകള്‍ അനുവര്‍ത്തിച്ചുമാണ് പുതിയ ബസ് സ്‌റ്റോപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്നതെന്നും കെഐഎഫ് 2025 ലെ അവതരണത്തില്‍ രാഹുല്‍ ആര്‍ പറഞ്ഞു. ഒരു വര്‍ഷത്തിനകം കേരളത്തിലെ ഒരു പ്രധാന സ്ഥലത്ത് ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മാതൃക വിജയിച്ചാല്‍ അധികൃതരുടെ പിന്തുണയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാകും. മികച്ച സൗകര്യമുള്ള കാത്തിരിപ്പ് സൗകര്യങ്ങള്‍ ഉണ്ടായാല്‍ പൊതുഗതാഗത ഉപയോഗം 15-20% വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബസുകളുടെ സമയം, റൂട്ട്, ബസ് സ്റ്റോപ്പില്‍ നിന്ന് ഇരുഭാഗത്തേക്കുമുള്ള ദൃശ്യപരത, മികച്ച ഗ്രാഫിക്‌സിലും വലിയ അക്ഷരങ്ങളിലും ബസുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍, വെയിലും മഴയുമേല്‍ക്കാത്ത മേല്‍ക്കൂര, വെള്ളക്കെട്ടില്‍ നിന്നുള്ള സുരക്ഷ, ബാക്ക്റെസ്റ്റുകളും ആംറെസ്റ്റുകളും ഘടിപ്പിച്ച ഇരിപ്പിടങ്ങള്‍, ചാര്‍ജിംഗ് സൗകര്യം എന്നിവ ബസ് സ്റ്റോപ്പിന്റെ രൂപകല്‍പ്പനയില്‍ ഉറപ്പുവരുത്തും. സ്ത്രീകള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ പരിഗണിച്ചു കൊണ്ടായിരിക്കും നിര്‍മ്മാണം. സര്‍ഗാത്മകതയും സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്തി വിവിധ ഏജന്‍സികളുടെ പിന്തുണയോടെയായിരിക്കും പദ്ധതി നടപ്പാക്കുക.