/sathyam/media/media_files/2025/10/24/pm-shri-cpi-2025-10-24-15-58-31.jpg)
തിരുവനന്തപുരം : സി.പി.ഐയോട് ചർച്ച ചെയ്യാമെന്ന് പറഞ്ഞ ശേഷം പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ കേന്ദ്ര പദ്ധതിയായ പി.എം ശ്രീയിൽ സർക്കാർ ഒപ്പുവെച്ചതോടെ കടുത്ത നിലപാടിലേക്ക് പാർട്ടി നീങ്ങുന്നുവെന്ന് സൂചന. സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും കടുത്ത വഞ്ചനയണ്ടായെന്നും പൊതുമധ്യത്തിൽ പാർട്ടി നേതൃത്വത്തെ അവഹേളിക്കുന്നതിനും ആക്ഷേപിക്കുന്നതിനും തുല്യമാണ് സി.പി.എം നിലപാടെന്നുമാണ് പാർട്ടിയിലെ ഭൂരിഭാഗത്തിന്റെയും വികാരം. സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവം ഇനി വെച്ചു പൊറുപ്പിക്കാനാവില്ലെന്നാണ് സി.പി.ഐയിൽ ഉയരുന്ന വാദം.
പി.എം ്രശീ നടപ്പാക്കും മുമ്പ് പാർട്ടിയോട് ആലോചിക്കാമെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കിയിരുന്നു. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ബിനോയ് വിശ്വം ഫോണിൽ ആശയവിനിമയം നടത്തിയിട്ടും പദ്ധതിയിൽ ഒപ്പിടുന്ന കാര്യം മറച്ചുവെച്ചു. സി.പി.ഐയുടെ എതിർപ്പിനെ അവഗണിച്ച് സി.പി.എം ഒറ്റയ്ക്ക് തീരുമാനമെടുത്തത് പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വത്തിന് മുറിവേൽപ്പിക്കുന്നതാണെന്നാണ് ഉയരുന്ന വാദം.
വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് ശക്തമായ എതിർപ്പ് അറിയിക്കും, മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് വിയോജിപ്പ് അറിയിക്കും എന്നൊക്കെ നേതൃത്വം വ്യക്തമാക്കുമ്പോഴും ഏതറ്റം വരെ പോകാൻ കഴിയുമെന്ന ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഘട്ടത്തിൽ മുന്നണിയിൽ തന്നെ ഒരു പരിഗണനയുമില്ലാത്ത പാർട്ടിയായി വോട്ടർമാരെ നേരിടേണ്ടി വരുന്നത് വലിയ തോതിൽ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/02/cpi-pinarayi-2025-08-02-00-51-36.webp)
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തന്നെ പിഎം ശ്രീയിൽ ഒപ്പിട്ട് ഫണ്ട് നേടിയെടുക്കാൻ കഴിയുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും വാദം ഒരു ഘട്ടത്തിലും സിപിഐ മുഖവിലയ്ക്ക് എടുത്തിട്ടില്ല. പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സംസ്ഥാനത്തു പൂർണതോതിൽ നടപ്പാക്കേണ്ടി വരുമെന്ന് പദ്ധതിരേഖയിൽ തന്നെ പറഞ്ഞിട്ടുണ്ട്.
സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതു തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവൻ നിബന്ധനകളും നടപ്പാക്കണമെന്നാണ്.
വ്യവസ്ഥകൾ ഭാഗികമായി നടപ്പാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് എത്രത്തോളം പ്രായോഗികമാണെന്ന സംശയമാണ് സിപിഐ ഉന്നയിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനെതിരെ ഇടതുപാർട്ടികൾ ദേശീയതലത്തിൽ നടത്തുന്ന പ്രതിഷേധങ്ങളെയും നീക്കങ്ങളെയും ദുർബലപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അത് അനുവദിക്കില്ലെന്നുമാണ് സിപിഐ വ്യക്തമാക്കിയിരുന്നത്.
ഇതിനെയെല്ലാം തകിടം മറിച്ചു കൊണ്ടാണ് സി.പി.എം നേതൃതവം നൽകുകയും സി.പി.ഐ കൂടി ഭാഗമാകുകയും ചെയ്യുന്ന ഇടതു സർക്കാർ നിലവിൽ മുന്നോട്ട് പോകുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/20/pm-shri-school-2025-10-20-17-02-36.jpg)
ഇതോടെ പി.എം ശ്രീയും ദേശീയ വിദ്യാഭ്യാസനയവും നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടെ ഉറപ്പിച്ചു വ്യക്തമാക്കിയ പാർട്ടി സംസ്ഥാന നേതൃത്വമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. തൃശൂർ പൂരം കലക്കൽ, എഡിജിപി എം.ആർ.അജിത് കുമാർ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി സിപിഎമ്മിന് അടിയറവ് പറഞ്ഞുവെന്ന അണികളുടെ വിമർശനത്തിനു മറുപടിയായി നേതൃത്വം പറഞ്ഞിരുന്നത് പിഎം ശ്രീയിലെടുത്ത കടുത്ത നിലപാടാണ്. എന്നാൽ പിഎം ശ്രീയിൽ കൂടി സർക്കാർ ഒപ്പുവച്ചതോടെ എല്ലാ പ്രതിരോധവും തകർന്നടിഞ്ഞ് ഉത്തരംമുട്ടുന്ന നിലയിലാണ് സംസ്ഥാന നേതൃത്വം. എന്നാൽ സി.പി.ഐയുടെ എതിർപ്പ് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ആദ്യം പ്രതിരോധമുയർത്തുമെങ്കിലും കടുത്ത ഒരു നിലപാടിലേക്കും കടക്കാനുള്ള രാഷ്ട്രീയമായ കരുത്ത് സി.പി.ഐക്കില്ലെന്നും സി.പി.എം നേതൃത്വം വിലയിരുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us