/sathyam/media/media_files/2026/01/20/two-wheeler-insurance-500x500-2026-01-20-15-48-22.webp)
കൊച്ചി: മോട്ടോര്‍ വാഹന അപകടക്കേസുകളിൽ, ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം ഇന്‍ഷ്വറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി.
ക്ലെയിമുകള്‍ കുറയ്ക്കുന്നതിനായി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഇൻഷ്വറൻസ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ വിധി.
ബൈക്കില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണ്. എന്നാല്‍, ഈ നിയമലംഘനം തന്നെയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കാന്‍ ഇൻഷ്വറൻസ് കമ്പനിക്ക് ബാധ്യതയുണ്ട്. അത്തരം തെളിവുകളില്ലാതെ നഷ്ടപരിഹാര തുക കുറയ്ക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
അപകടം നടന്നത് മറ്റൊരു വാഹനത്തിന്‍റെ അശ്രദ്ധ മൂലമാണെന്ന് വ്യക്തമായാൽ, ബൈക്കിലെ യാത്രക്കാരുടെ എണ്ണം നോക്കി മാത്രം നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍ നിരീക്ഷിച്ചു. 2011-ല്‍ നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ട്രൈബ്യൂണൽ നിശ്ചയിച്ചിരുന്ന വരുമാനവും അംഗവൈകല്യത്തിന്‍റെ ശതമാനവും കുറവാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, ഹര്‍ജിക്കാരന് അനുവദിച്ച നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുകയും ചെയ്തു.
നേരത്തെ ഈ കേസ് പരിഗണിച്ച ട്രൈബ്യൂണൽ, ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിനാല്‍ അപകടത്തില്‍ ഹര്‍ജിക്കാരന് 20% ഉത്തരവാദിത്തമുണ്ടെന്ന് കണ്ട് നഷ്ടപരിഹാര തുകയില്‍ കുറവ് വരുത്തിയിരുന്നു.
എന്നാൽ, പോലീസ് റിപ്പോര്‍ട്ട് പ്രകാരം അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി കോടതി വിധി പുറപ്പെടുവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us