New Update
/sathyam/media/media_files/2026/01/08/spices-2026-01-08-13-42-58.jpg)
കൊച്ചി:നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കും പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തിനും സാക്ഷ്യം വഹിച്ച് പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് സമാപനം.
Advertisment
പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയില്‍ വരുന്ന രാജ്യങ്ങള്‍ക്കിടയില്‍ സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ച ത്രിദിന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.
രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന് സമ്മേളനത്തില്‍ കേരളം തുടക്കം കുറിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിച്ചത്.
രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണ വേദിയായി ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിനെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ആഗോളതലത്തില്‍ പ്രശംസ നേടിയ പൈതൃക ടൂറിസം വിപുലീകരിച്ച് കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെ വ്യാപിച്ചുകിടക്കുന്ന 33 സ്പൈസ് യാത്രാ പാതകളുടെ അവതരണത്തിനും സമ്മേളനം വേദിയായി. യാത്രികരെ സംസ്ഥാനത്തിന്‍റെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്.
മുസിരിസ് കേന്ദ്രമാക്കി കേരളത്തിലെ പൈതൃക ടൂറിസത്തിനും അക്കാദമിക് സഹകരണ പരിപാടികള്‍ക്കും സമ്മേളനത്തിലെ സംഭാഷണങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വി പറഞ്ഞു. ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിന് സമ്മേളനത്തില്‍ പങ്കെടുത്ത അക്കാദമിക-പണ്ഡിത പ്രതിനിധികള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചര്‍ച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായി വിഭാവനം ചെയ്ത സമ്മേളനം അക്കാദമിഷ്യന്‍മാര്‍, ചരിത്രകാരന്‍മാര്‍, പുരാവസ്തു ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, ടൂറിസം പങ്കാളികള്‍, സാംസ്കാരിക പരിശീലകര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു. 22 രാജ്യങ്ങളില്‍ നിന്നായി 1000-ത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വ്യത്യസ്ത മേഖലകളില്‍ നിന്നായി 55-ലധികം പ്രഭാഷകര്‍ വിവിധ സെഷനുകളുടെ ഭാഗമായി.
സമാപന ദിവസം 'മുസിരിസ് മേഖലയിലെ വിജ്ഞാന പാരമ്പര്യങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സൂറിച്ച് ഇടിഎച്ചിലെ ഡോ. അരുണ്‍ അശോകന്‍ മലബാറിലെ മരത്തടി കണക്കുകൂട്ടലിലെ ആധുനിക ഗണിതശാസ്ത്ര പരിജ്ഞാനത്തെയും ചരിത്രപരമായ രൂപീകരണത്തെയും കുറിച്ച് വിശദീകരിച്ചു.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ച സൂറിച്ച് ഇടിഎച്ചിലെ പ്രൊഫ. റോയ് വാഗ്നര്‍ പുരാതന കാലത്തെ ഗണിതശാസ്ത്രവും അതിന്‍റെ പ്രയോഗവും തമ്മിലുള്ള വിടവിനെക്കുറിച്ച് വിശദീകരിച്ചു.
തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാലയിലെ ഡോ. സെല്‍വകുമാര്‍, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. സെന്തില്‍ ബാബു എന്നിവരും പങ്കെടുത്തു.
അന്തര്‍ദേശീയ പൈതൃക ഇടനാഴികള്‍ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനര്‍വിഭാവനം, ഡിജിറ്റല്‍ സ്പൈസ് റൂട്ട്സ്, മുസിരിസ് പുനര്‍വിഭാവനം, മേഖലയിലെ വിജ്ഞാന പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകള്‍ നടന്നു.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൈതൃക എക്സ്പോ കേരളത്തിന്‍റെ ആകര്‍ഷകമായ ചരിത്രത്തിലേക്കും സാംസ്കാരിക വൈവിധ്യത്തിലേക്കുമുള്ള ഉള്‍ക്കാഴ്ച സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കി.
പൈതൃക സംരക്ഷണത്തിലും അനുബന്ധ മേഖലകളിലും പങ്കാളിത്ത അക്കാദമിക് പരിപാടികള്‍, ഗവേഷണം, ഔട്ട്റീച്ച് പരിപാടികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സര്‍വകലാശാലയും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
സമ്മേളനത്തിലെ പ്രതിനിധികള്‍ക്കും അതിഥികള്‍ക്കുമായി മുസിരിസ് പൈതൃക പ്രദേശങ്ങളിലേക്കുള്ള യാത്രയും സംഘടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us