നക്ഷത്ര റിസോർട്ടുകളും ആഡംബര കോട്ടേജുകളും കാസിനോകളും ഗെയ്മിംഗ് കേന്ദ്രങ്ങളുമായി മൂന്നാറിൽ അന്താരാഷ്ട്ര ടൂറിസം ഹബ് വരുന്നു. കണ്ണൻദേവന്റെ കൈയിലുള്ള 1200 ഏക്കർ പാട്ടഭൂമി തിരിച്ചെടുക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ. മൂന്നാർ ടൂറിസം ഹബിൽ വരുന്നത് രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം. മൂന്നാറിന്റെ മുഖം മാറുമെന്നും ലോകമെമ്പാടും നിന്ന് ടൂറിസ്റ്റുകൾ മൂന്നാറിലേക്ക് ഒഴുകുമെന്നും സർക്കാർ. അന്താരാഷ്ട്ര ടൂറിസം ഹബ് ലോകസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശുപാർശയിൽ

New Update
MUNNAT TOURISAM HABB

തിരുവനന്തപുരം: ലോകം കണ്ട സഞ്ചാരിയും സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശുപാർശ അംഗീകരിച്ച് മൂന്നാറിൽ രണ്ട് ലക്ഷം കോടി മുതൽ മുടക്കുണ്ടാവുന്ന അന്താരാഷ്ട്ര ടൂറിസം ഹബ് സർക്കാർ സജ്ജമാക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം പദ്ധതിയാണിത്. ഇതിനായി ദേവികുളം താലൂക്കിൽ 1200 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കും.

Advertisment

ദേവികുളം താലൂക്കിൽ മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി പ്രദേശങ്ങളിലും സൈലന്റ് വാലിയിലുമായി കണ്ണൻദേവൻ ഹിൽസ് പ്ളാന്റേഷൻ കമ്പനിയുടെ കൈവശത്തിലുള്ള 1200 ഏക്കർ സ്ഥലം പാട്ടവ്യവസ്ഥ റദ്ദാക്കി സർക്കാരിലേക്ക് തിരിച്ചെടുത്താണ് മൂന്നാർ അന്താരാഷ്ട്ര ടൂറിസം ഹബ് സർക്കാർ സജ്ജമാക്കുന്നത്. ഇതിനായുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

Kerala Tourism


സർക്കാരിന്റെ നിക്ഷേപത്തിൽ മാത്രമല്ലാതെ കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വമ്പൻ ടൂറിസം ഹബ് വരണമെന്നായിരുന്നു സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നിർദ്ദേശം. ടൂറിസം ഹബിൽ അന്താരാഷ്ട്ര തലത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തി സംരംഭങ്ങൾ തുടങ്ങും. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ഓഫീസുകൾ, ആഡംബര കോട്ടേജുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കാസിനോകൾ, റൈഡിംഗ്, ഗെയ്മിംഗ് സ്ഥാപനങ്ങൾ, ജലയാന വിനോദ കേന്ദ്രങ്ങളും അനുബന്ധ വികസനത്തിന്റെ ഭാഗമായി എയർ സ്ട്രിപ്പ്, പാർക്കിംഗ് സംവിധാനങ്ങൾ എന്നിവയും ഒരുക്കും.

santhosh george kulangara

കേരളത്തിൽ ഇതിലൂടെ വമ്പൻ നിക്ഷേപങ്ങളും ടൂറിസം മേഖലയിൽ വൻ വളർച്ചയുമുണ്ടാവുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കിയാൽ വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടും. നിലവിൽ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് അവിടെ മതിയായ താമസ, വിനോദ സൗകര്യങ്ങൾ കുറവാണ്.

സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ളതാന്നെങ്കിലും മൂന്നാർ ടൗണും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന കണ്ണൻ ദേവൻ മലനിരകൾ എന്ന വില്ലേജിന്റെ സിംഹഭാഗവും ടാറ്റ കമ്പനിയുടെ കീഴിലുള്ള കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശമാണ്. ഇത് തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കം നിയമപോരാട്ടങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

tea eastate munnar

മൂന്നാർ മലനിരകളിലെ പാട്ടക്കരാറുകൾക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് പൂഞ്ഞാർ രാജാവിൽ നിന്നും പാട്ട വ്യവസ്ഥയിൽ ബ്രിട്ടീഷ് പൗരനായ മൺറോയ്ക്ക് ലഭിച്ച ഭൂമി പിന്നീട് കൈമാറ്റങ്ങൾ വഴി കണ്ണൻ ദേവൻ കമ്പനിയിൽ എത്തി. ഭൂമിയിൽ കെ.ഡി.എച്ച്.പി പലവിധ ഉടമാവകാശങ്ങളും ഉന്നയിച്ചതോടെ സംസ്ഥാന സർക്കാർ 1971‌ൽ ഒരു പ്രത്യേക നിയമനിർമാണത്തിലൂടെ കണ്ണൻ ദേവൻ മലനിരകൾ എന്ന വില്ലേജിലെ എല്ലാ ഭൂമികളുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കി.

എന്നാൽ, 1971ലെ നിയമ പ്രകാരം തന്നെ, തോട്ടമായി ഉപയോഗിച്ചു വരുന്നതും തോട്ടമായി പരിവർത്തനപ്പെടുത്താൻ പറ്റിയതുമായ എല്ലാ ഭൂമികളും പാട്ട വ്യവസ്ഥയിൽ കെ.ഡി.എച്ച്.പി കമ്പനിക്ക് തിരികെ നൽകി. ഈ ഭൂമികളിൽ മൂന്നാർ ടൗണിലുള്ള വിവിധ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ, പൊതുചന്ത, കളിസ്ഥലം എന്നിവയും ഉൾപ്പെടുന്നുണ്ട്. ഈ ഭൂമി ഏറ്റെടുക്കാൻ 2010-ൽ ഓർഡിനൻസ് രൂപത്തിൽ നിയമം കൊണ്ടു വന്നെങ്കിലും 2013-ൽ അത് കാലഹരണപ്പെട്ടു. അതിനാൽ വമ്പൻ ടൂറിസം കേന്ദ്രങ്ങൾക്കായി സർക്കാർ കൊണ്ടുവരുന്ന ബില്ലും നിയമമാവുമോയെന്ന് ആശങ്കയുണ്ട്.

45343563


നഷ്ടപരിഹാരത്തിന് അടക്കം വ്യവസ്ഥകളോടെയായിരിക്കും സർക്കാർ ബിൽ കൊണ്ടുവരുന്നതെന്നാണ് സൂചന. പാട്ടക്കാരൻ കൈവശാവകാശം ലഭിച്ച തീയതി മുതൽ ഏറ്റെടുക്കൽ വരെയുള്ള കാലയളവിന്റെ അടിസ്ഥാനത്തിലാവും നഷ്ടപരിഹാരം. കെട്ടിടങ്ങൾക്ക് ഏറ്റെടുക്കൽ സമയത്തെ നിരക്കിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകണം. പ്രതിവർഷം 5 ശതമാനം വിലയിടിവ് കണക്കാക്കും. പരമാവധി 50 ശതമാനം. നഷ്ടപരിഹാരം നൽകാനായി ഡെപ്യൂട്ടി കളക്ടർ, ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കും.


നഷ്ടപരിഹാരത്തിന് ബിൽ വിജ്ഞാപനം ചെയ്യുന്ന ദിവസം മുതൽ ഒരു മാസത്തിനകമോ, സർക്കാർ നീട്ടി നൽകാവുന്ന രണ്ട് മാസത്തിൽ കവിയാത്ത തീയതിക്കുള്ളിലോ അപേക്ഷിക്കണം- ഇത്തരം വ്യവസ്ഥകളോടെയാണ് ബിൽ തയ്യാറാവുന്നത്.

Advertisment