/sathyam/media/media_files/2025/12/31/ips-2025-12-31-18-42-53.jpg)
തിരുവനന്തപുരം: പോലീസിൽ വമ്പൻ അഴിച്ചുപണിയുമായി സർക്കാർ. കൊച്ചി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർമാരെ മാറ്റി. ദക്ഷിണമേഖലാ ഐ.ജിയെയും മാറ്റി.
ജി.സ്പർജ്ജൻ കുമാറിനെയാണ് ദക്ഷിണമേഖലാ ഐ.ജിയാക്കിയത്. കെ.കാർത്തികിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാക്കി. ഹരിശങ്കറാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ.
ആർ.നിശാന്തിനിയെ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. സർക്കാരിന്റെ അടുപ്പക്കാരനായിരുന്ന തോംസൺ ജോസിന്റെ തിരുവനന്തപുരം കമ്മിഷണർ പദവി തെറിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്.
ക്രൈംബ്രാഞ്ചിൽ നിന്നാണ് ഐ.ജി ജി.സ്പർജ്ജൻ കുമാറിനെ ദക്ഷിണമേഖലാ ഐ.ജിയാക്കിയത്. സൗത്ത് സോൺ ഐ.ജിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐ.ജിയാക്കി.
പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയുടെ അധികചുമതലയുമുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന തോംസൺ ജോസിനെ വിജിലൻസിൽ ഡി.ഐ.ജിയുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് നിയമിച്ചു.
വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ. കാർത്തികിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാക്കിയത്.
2008ബാച്ചിലെ ഡി.ഐ.ജിമാരായ പുട്ടവിമലാദിത്യ, എസ്.അജീതാബീഗം, ആർ.നിശാന്തിനി, എസ്.സതീഷ് ബിനോ, രാഹുൽ ആർ നായർ എന്നിവർക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റം നൽകി.
സ്ഥാനക്കയറ്റം ലഭിച്ച പുട്ടവിമലാദിത്യയെ ഇന്റേണൽ സെക്യൂരിറ്റി ഐ.ജിയാക്കി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ അധികചുമതലയുമുണ്ട്.
അജീതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗിൽ ഐ.ജിയാക്കി. എസ്.സതീഷ് ബിനോയെ സായുധ ബറ്റാലിയൻ ഐ.ജിയാക്കി.
2012ബാച്ചിലെ ഐ.പി.എസുകാരായ ജി.ശിവവിക്രം, അരുൾ ബി കൃഷ്ണ, ജെ.ഹിമേന്ദ്രനാഥ് എന്നിവർക്ക് ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം നൽകി.
തൃശൂർ റേഞ്ച് ഡി.ഐ.ജി സ്ഥാനത്തുനിന്നാണ് ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാക്കിയത്. സ്ഥാനക്കയറ്റം ലഭിച്ച അരുൾ ബി കൃഷ്ണയെ തൃശൂർ റേഞ്ച് ഡി.ഐ.ജിയാക്കി. ജെ.ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാക്കി.
2022ബാച്ചിലെ എസ്.പിമാരായ ഉമേഷ് ഗോയലിനെ ടെലികോമിലും പി.ബി കിരണിനെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലും രാജേഷ് കുമാറിനെ നാലാം സായുധ ബറ്റാലിയനിലും അഞ്ജലി ഭാവനയെ സായുധസേനാ ആസ്ഥാനത്തും നിയമിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us