ഇറാനിൽ അവശ്യവസ്തുക്കൾക്ക് വൻവിലക്കയറ്റം.  കടകൾ അടച്ച് പ്രതിഷേധിച്ച വ്യാപാരികൾക്കൊപ്പം ജനങ്ങളും  വിദ്യാർത്ഥികളും തെരുവിലിറങ്ങി. ആറ് പ്രതിഷേധക്കാർ മരിച്ചുവീണു. ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്.

New Update
PROTEST

വാഷിങ്ടന്‍: ഇറാനിലെ വിലക്കയറ്റ വിരുദ്ധപ്രക്ഷോഭത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിഷയത്തില്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

Advertisment

സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്.

 ഇറാനിലെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന് താക്കീതുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. 

ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം.

പാശ്ചാത്യ ഉപരോധം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇറാനില്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. 

ഡിസംബറില്‍ നാണ്യപ്പെരുപ്പം 42.5 ശതമാനമായി ഉയര്‍ന്നതോടെ അവശ്യസാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വലിയ തോതില്‍ വില ഉയര്‍ന്നിരുന്നു. 

കടകളടച്ച് വ്യാപാരികളാണ് പ്രതിഷേധത്തിനു തുടക്കമിട്ടത് വിദ്യാര്‍ഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യമാകെ പടരുകയായിരുന്നു. 

പ്രതിഷേധക്കാരുടെ കല്ലേറില്‍ 13 പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാനമായ ടെഹ്റാനിലെ ലോര്‍ഡെഗനിലും തെക്കന്‍ ഫാര്‍സ് പ്രവിശ്യയിലെ മാര്‍വ്ഡാഷിലും വ്യാഴാഴ്ച വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 

രാജ്യത്തെ പുരോഹിത ഭരണാധികാരികള്‍ക്കെതിരെ ആളുകള്‍ മുദ്രാവാക്യം വിളിച്ചു. 

ഇറാന്‍ പരമോന്നത നേതാവിന്റെ ഭരണം അവസാനിപ്പിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നു.

 പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

Advertisment