ഇടുക്കി: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും.
മാര്‍ച്ച് 31 വരെ രണ്ട് മാസക്കാലത്തേക്ക് ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി വരുന്നത്.
മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഇരവികുളം ദേശിയോദ്യാനം. മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞും മൂന്നാറിന്റെ പരന്നകാഴ്ച്ചകളും വരയാടിന്‍ കുഞ്ഞുങ്ങളുമൊക്കെയാണ് സഞ്ചാരികളെ ഉദ്യാനത്തിലേക്ക് ആകര്‍ഷിക്കുന്നത്.
ഏപ്രില്‍ ഒന്നിന് പാര്‍ക്ക് വീണ്ടും തുറക്കും. ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ മേയ് മാസം നടത്തിയ കണക്കെടുപ്പില്‍ ഇരവികുളം ഉള്‍പ്പെടെയുള്ള വരയാടുകളുടെ ആവാസ കേന്ദ്രങ്ങളില്‍ 827 വരയാടുകളെയാണ് കണ്ടെത്തിയത്.
ഇതില്‍ 144 എണ്ണം പുതിയ കുഞ്ഞുങ്ങളായിരുന്നു. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരവികുളം ദേശിയോദ്യാനം. ശരാശരി 2500ന് മുകളില്‍ സന്ദര്‍ശകര്‍ ദിവസേന പാര്‍ക്കിലെത്താറുണ്ട്.