പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളുടെ വരവോ. നഷ്ടപരിഹാരം കൂടുതല്‍ വേണമെന്ന ആവശ്യം ഉയര്‍ത്തി കര്‍ഷകര്‍. കാട, ടര്‍ക്കിക്കോഴി, വാത്ത തുടങ്ങിയവയെയും നഷ്ടപരിഹാര പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

New Update
bird flu changanassery.jpg

കോട്ടയം : ക്രിസ്മസ് പടിവാതില്‍ക്കല്‍ നില്‍ക്കേ ജില്ലയില്‍ രണ്ടിടത്തു പക്ഷിപ്പനി സ്ഥിരീകരിച്ചതു കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണ് രോഗബാധ. കോഴികള്‍ക്കാണു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതെങ്കിലും ക്രിസ്മസ് വിപണി പ്രതീക്ഷിച്ചു താറാവിനെ വളര്‍ത്തിയ കര്‍ഷകര്‍ക്കും വാങ്ങിക്കൂട്ടിയ ഇടനിലക്കാര്‍ക്കും തിരിച്ചടിയായി.

Advertisment

തണ്ണീര്‍ത്തടങ്ങളിലേക്കു ദേശാടനപ്പക്ഷികളുടെ വരവു കാലത്താണു പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണങ്ങളോടെ ഒരു വളര്‍ത്തുപക്ഷി ചത്താല്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിങ് നടത്താന്‍ പത്തു ദിവസമെടുക്കും. വൈറസിനു വ്യാപന ശേഷി കൂടുതലായതിനാല്‍ ഇക്കാലയളവില്‍ രോഗം മറ്റു പക്ഷികളിലേക്കും വ്യാപിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്രിസ്മസ് ആഘോഷിക്കാന്‍ കോഴിയിറച്ചിയെ ആശ്രയിക്കാമെന്നു കരുതിയവര്‍ക്കും തിരിച്ചടിയായി. നൂറിലെത്തിയ ചിക്കന്‍ വില ക്രിസ്മസ് അടുത്തതോടെ വീണ്ടും ഉയരുന്നു. നോമ്പിന് ശേഷം ഡിമാന്‍ഡ് കൂടുന്നതിനാല്‍ വിലയും ഉയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. ഓരോ തവണയും രോഗം സ്ഥിരീകരിക്കുന്ന മേഖലകളില്‍ കള്ളിംഗ് നടത്തി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലേക്ക് മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തനം ഒതുങ്ങി.

അതേസമയം, നഷ്ടപരിഹാരം കൂടുതല്‍ വേണമെന്ന ആവശ്യം ഉയര്‍ത്തുകയാണു കര്‍ഷകര്‍. കോഴി, താറാവ് എന്നിവയ്ക്ക് മാത്രമാണ് തുശ്ചമായെങ്കിലും നഷ്ടപരിഹാരം ലഭിക്കുന്നത്. നഷ്ടപരിഹാരത്തിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കും. അതേസമയം,  കാട, ടര്‍ക്കിക്കോഴി, വാത്ത തുടങ്ങിയവയ്ക്കും മുട്ടകള്‍ക്കും നഷ്ടപരിഹാരമില്ല. ഈ രീതിക്കു മാറ്റം വരണമെന്നും കര്‍ഷകര്‍ പറയുന്നു.

Advertisment