തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) 2025 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടിഎംഎ-നിംസ് സിഎസ്ആര്‍ അവാര്‍ഡിന് ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കും ടിഎംഎഅദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിന് ഇന്‍റലിയോക് ടെക്നോളജീസും അര്‍ഹരായതായി ടിഎംഎ പ്രസിഡന്‍റ് ജി.ഉണ്ണികൃഷ്ണനും ജൂറി കമ്മിറ്റി ചെയര്‍മാന്‍ എ.കെ നായരും അറിയിച്ചു.
ഇന്ന് (ജൂലൈ 30) നടക്കുന്ന ടിഎംഎയുടെ വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ ട്രിമ-2025 ന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഇന്നും നാളെയുമായി (ജൂലൈ 30, 31) തിരുവനന്തപുരത്തെ ഹോട്ടല്‍ ഒ ബൈ താമരയിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി മേഖലയില്‍ നല്‍കിയ മാതൃകാപരമായ സംഭാവനകളെ അംഗീകരിച്ചാണ് ഇസാഫ് ബാങ്കിന് പുരസ്കാരം. തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമാണ് ഇസാഫ് ബാങ്ക്. ബാലജ്യോതി പ്രോഗ്രാം, സ്കില്‍ ഡവലപ്മെന്‍റ് ആന്‍ഡ് ലൈവ്ലിഹുഡ്, ഗ്രീന്‍ എനര്‍ജി, കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം എന്നിവ ഇസാഫിന്‍റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
സാപ്പിഹയര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റലിയോക് ടെക്നോളജീസ് റിക്രൂട്ട്മെന്‍റ് സാങ്കേതികവിദ്യയിലെ പ്രമുഖ സാന്നിധ്യമാണ്. നവീകരണം, സാമൂഹികപ്രസക്തി, പരിവര്‍ത്തനാത്മക വളര്‍ച്ച എന്നിവ അംഗീകരിച്ചാണ് ഇന്‍റലിയോക്കിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഇന്‍റലിയോക്കിന്‍റെ എഐ അധിഷ്ഠിത ഓട്ടോമേഷന്‍ പ്ലാറ്റ് ഫോമിലൂടെ നിയമന പ്രക്രിയ കൂടുതല്‍ മികച്ചതും വേഗതയേറിയതും പക്ഷപാതരഹിതവുമാക്കുന്നു.
വളര്‍ന്നുവരുന്ന മാനേജ്മെന്‍റ് മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ടിഎംഎ-കിംസ്ഹെല്‍ത്ത് തീം പ്രസന്‍റേഷന്‍ അവാര്‍ഡില്‍ സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ഥികളായ അരവിന്ദ് എസ് അശോക്, കെ.വി ഷോബിനി, നിധി കൃഷ്ണന്‍ ആര്‍ എന്നിവര്‍ ഒന്നാം സമ്മാനം നേടി. സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ അന്‍സില്‍ നാസര്‍, അഭിജിത്ത് എ.ബി എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി, സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍, അക്കാദമിക് എക്സലന്‍സ് എന്നിവയിലെ മികവിനെ അംഗീകരിക്കുന്നതാണ് ടിഎംഎ അവാര്‍ഡുകള്‍.
ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ട്രിമ കണ്‍വെന്‍ഷന്‍റെ പ്രമേയം 'ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് - നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്' എന്നതാണ്.
1985 ല്‍ സ്ഥാപിതമായ ടിഎംഎ മാനേജ്മെന്‍റ് മികവ് പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം വളര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധരായ സിഇഒമാര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. അഖിലേന്ത്യാ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
കേരളത്തെ ബാധിക്കുന്ന നിര്‍ണായക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള വേദിയായി ട്രിമ 2025 മാറും. മാനേജ്മെന്‍റ്-വ്യവസായ പ്രമുഖര്‍, നയരൂപീകരണ-അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.