ഡൽഹി: മുണ്ടക്കൈയിലെ ദുരന്തഭൂമിയില്‍ അപകടം നടക്കുമ്പോഴുളള ഹൈ റെസല്യൂഷനുളള സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ഉരുൾപൊട്ടൽ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ചിത്രത്തിൽ വ്യക്തമാണ്.
അപകടത്തിൽ ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമിയാണ് നിലം പതിച്ചത്. അവശിഷ്ടങ്ങൾ എട്ട് കിലോമീറ്ററോളം നദിയിലൂടെ ഒഴുകുന്ന ദൃശ്യങ്ങളും, അപകടത്തിന് മുമ്പും ശേഷവുമുള്ള മുണ്ടക്കൈയുടെ പൂർണരൂപവും ചിത്രങ്ങളിലുണ്ട്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പഴയൊരു മണ്ണിടിച്ചിലിൻ്റെ തെളിവുകളും ചിത്രങ്ങൾ കാണിക്കുന്നുണ്ട്.
വയനാട് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണെന്ന് 'ലാൻഡ്‌സ്‌ലൈഡ് അറ്റ്‌ലസ് ഓഫ് ഇന്ത്യ' എന്ന റിപ്പോർട്ടിൽ പറയുന്നു. 2023-ൽ ഐഎസ്ആർഒ തയ്യാറാക്കിയ റിപ്പോർട്ടാണിത്.
നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ കാർട്ടോസാറ്റ്-3 ഉപഗ്രഹവും റിസാറ്റ് ഉപഗ്രഹവുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന് തുടക്കമിട്ടതെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത്.