വൻകിട നഗരങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഭീമൻ കമ്പനികൾ ചെറുപട്ടണങ്ങളിലേക്കും ചേക്കേറുന്നു. ഐ.ടി വ്യവസായവും സാങ്കേതിക വിദ്യ കേന്ദ്രങ്ങളും സംസ്ഥാനത്തേക്ക് എത്തിക്കാനുളള സർക്കാരിൻെറ ശ്രമം ലക്ഷ്യത്തിലേക്ക്. കേരളത്തിലെ ആദ്യ എഐ റോബോട്ടിക് ഗവേഷണ സ്ഥാപനം കൊട്ടാരക്കരയിൽ. സോഹോ കോർപ്പറേഷൻെറ പുതിയ സംരംഭത്തിലൂടെ വഴിതുറക്കുന്നത് 250 തൊഴിലവസരങ്ങൾ. പദ്ധതി ചിലവ് 20 കോടി !

New Update
kcl

തിരുവനന്തപുരം: വൻകിട നഗരങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ ചെറുപട്ടണങ്ങളിലേക്ക് ചേക്കേറുന്നു.

Advertisment

ചെറുപട്ടണങ്ങളിലേക്ക് ഐ.ടി വ്യവസായവും സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളും എത്തിക്കാനുളള സംസ്ഥാന സർക്കാരിൻെറ ശ്രമഫലമായിട്ടാണ് വൻകിട കമ്പനികൾ എത്തുന്നത്.

വലിയ നഗരങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷനാണ് ചെറുപട്ടണങ്ങളിലേക്ക് എത്തുന്നത്.


ധനമന്ത്രി കെ.എൻ.ബാലഗോപാലിൻെറ മണ്ഡലമായ കൊട്ടാരക്കരയിലേക്കാണ് സോഹോ കോർപ്പറേഷൻ എത്തുന്നത്.


സോഹോ കോർപറേഷന്റെ രാജ്യത്തെ രണ്ടാമത്തെ റെസിഡൻഷ്യൽ ഐ.ടി കാമ്പസ്  മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച കൊട്ടരക്കരയിൽ  ഉദ്ഘാടനം ചെയ്യും. അടുത്തിടെ സോഹോ കോർപ്പറേഷൻ ഏറ്റെടുത്ത റോബട്ടിക്സ് രംഗത്തുള്ള കമ്പനിയുടെ  പ്രവർത്തനം കൊട്ടാരക്കരയിലേക്ക് മാറ്റുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യ എഐ റോബോട്ടിക് ഗവേഷണ സ്ഥാപനം കൂടിയാണിത്. സോഹോ കോർപ്പറേഷൻെറ കൊട്ടരാക്കരയിലെ പുതിയ സംരംഭത്തിലൂടെ  ആദ്യ ഘട്ടത്തിൽ 250 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.


20 കോടിയോളം രൂപ ചെലവിട്ടാണ് രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കൊട്ടാരക്കരയിൽ പുതിയ കാമ്പസ് പടുത്തുയർത്തുന്നത്. മണ്ഡലത്തെ ഐടി ഹബ്ബാക്കാനുള്ള മന്ത്രി കെ .എൻ. ബാലഗോപാലിന്റെ ഇടപെടലാണ് സോഹോ കോർപ്പറേഷനെ കൊട്ടാരക്കരയിലെത്തിച്ചത്.


കൊട്ടാരക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന നെടുവത്തൂരിലാണ് സോഹോയുടെ കാമ്പസ് സ്ഥാപിക്കുന്നത്. നാലരയേക്കറിൽ ഇരുപതിനായിരം ചതുരശ്ര അടിയുള്ള കെട്ടിടത്തിലാണ് സോഹോയുടെ പുതിയ കാമ്പസ്.

ആഗോള സാങ്കേതികവിദ്യാ കമ്പനിയായ സോഹോ കോർപ്പറേഷന്‍റെ സംസ്ഥാനത്തെ ആദ്യ ഗവേഷണ കേന്ദ്രമാണിത്.

പ്രാദേശിക തലത്തിൽ യുവജനങ്ങളുടെ തൊഴിൽനൈപുണ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വൻകിട കമ്പനിയായ സോഹോ കോർപറേഷനെ കൊട്ടാരക്കരയിൽ എത്തിച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

വിവിധ സേവനങ്ങൾക്ക് ഉപയോഗ യോഗ്യമാക്കുന്ന തരത്തിലുളള മനുഷ്യസൗഹൃദമായ റോബോട്ടുകളും ചാറ്റ് ജിപിടിയേയും സമാനമായ സംവിധാനങ്ങളെയും പോലെ പ്രാദേശികഭാഷയിൽ ആവശ്യപ്പെടുന്ന ഏതു ചോദ്യത്തിനും ഉത്തരം ലഭിക്കുന്ന സോഫ്റ്റ് വേറുകളും സോഹോയുടെ പുതിയ കാമ്പസിൽ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. 


വൻകിട കമ്പനികളെ ചെറുപട്ടണങ്ങളിലേക്ക് ആനയിക്കുന്നതിന് 2006ലെ വി.എസ്. സർക്കാരിൻെറ കാലത്ത് തന്നെ ഐ.ടി വകുപ്പ് ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ അതിൽ വലിയ താൽപര്യം കാട്ടിയില്ല. അതോടെ പദ്ധതി നിലച്ച മട്ടായിരുന്നു.


2016ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റതോടെ കണ്ണൂർ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ഐ.ടി സംരംഭങ്ങൾ തുടങ്ങാൻ ശ്രമം ആരംഭിച്ചു. 

വിമാനത്താവളത്തിൻെറ സാമീപ്യം,മികച്ച റോഡ് ഉൾപ്പെടെയുളള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയാണ് ഐ.ടി സംരംഭകർ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ.


ദേശിയപാതാ വികസനം പൂർത്തിയാകുന്നതോടെ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതി വലിയ തോതിൽ പരിഹരിക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.


കൊട്ടാരക്കര ഉൾപ്പെടെയുളള ചെറുപട്ടണങ്ങളിൽ വൻകിട സംരംഭങ്ങൾ വരുന്നതോടെ കൂടുതൽ തൊഴിലവസരവും പ്രാദേശികാടിസ്ഥാനത്തിലുളള വികസനവും സംഭവിക്കുമെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.

കൊട്ടാരക്കരക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻെറ മണ്ഡലമായ ധർമ്മടത്തും ഐ.ടി പാർക്ക് വരും. ഇതിനായി ധർ‍‍മ്മടത്തെ പടുവിലായി വില്ലേജിൽ 25 ഏക്കർ ഭൂമി കിൻഫ്ര കണ്ടെത്തിയിട്ടുണ്ട്.

4.9 ഏക്കറിൽ 5.4ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഐ.ടിപാർക്ക് നിർമ്മിക്കാനുളള പ്ളാൻ അംഗീകരിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാൽ പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് കടക്കാനാണ് ഐ.ടി വകുപ്പിലെ ആലോചന.

Advertisment