ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു; ടെക്നോളജി മേഖലയിലെ കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് അഭിനന്ദനം

New Update
Italian Consul visit
തിരുവനന്തപുരം: കേരളത്തിലെ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ടെക്നോളജി മേഖലയുമായുള്ള സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച് മുംബൈയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ വാള്‍ട്ടര്‍ ഫെറാറ. കഴിഞ്ഞ ദിവസത്തെ ടെക്നോപാര്‍ക്ക് സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Advertisment

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട.) വാള്‍ട്ടര്‍ ഫെറാറ ആശയവിനിമയം നടത്തി. കേരളത്തിന്‍റെ ശക്തവും അനുകൂലവുമായ വിജ്ഞാന ആവാസവ്യവസ്ഥയെ പ്രദര്‍ശിപ്പിക്കുന്നതിനായി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ട്രേഡ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ടെക്നോളജി മേഖലയിലെ ഡാറ്റ ഷെയറിംഗ് ഉള്‍പ്പെടെയുള്ളവയില്‍ ഇറ്റലിയും കേരളവുമായുള്ള സഹകരണ സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നതില്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ്  (മാര്‍ക്കറ്റിംഗ് ആന്‍റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ജോര്‍ജ് ജേക്കബ് എന്നിവരും ആശയവിനിമയ വേളയില്‍ സന്നിഹിതരായി.

കോണ്‍സല്‍ ജനറലിനെ സ്വാഗതം ചെയ്ത കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ടെക്നോളജി മേഖലയിലെ കേരളത്തിന്‍റെ മുന്നേറ്റങ്ങളെക്കുറിച്ച് വിശദമായ അവതരണം നടത്തി. സാങ്കേതിക വിദ്യാധിഷ്ഠിത സംരംഭങ്ങള്‍ക്കുള്ള പ്രധാന ആവാസവ്യവസ്ഥയായി തിരുവനന്തപുരം ഉയര്‍ന്നുവന്നിരിക്കുന്നതെങ്ങനെ എന്ന് അദ്ദേഹം വിശദീകരിച്ചു. അക്കാദമിക്, ഗവേഷണ- വികസന, വ്യവസായ മേഖലകളെ പരസ്പരം സമന്വയിപ്പിക്കുന്ന ശൃംഖലയാണ് കേരളത്തിന്‍റെ ഐടി ആവാസവ്യവസ്ഥയെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വിഎസ്എസ്സി പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ക്കൊപ്പം ബഹിരാകാശ മേഖലയുടെ വ്യാവസായിക സാധ്യതകള്‍ ടെക് ആവാസവ്യവസ്ഥ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യ, വ്യോമയാന, പ്രതിരോധ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള കേരള സ്പേസ് പാര്‍ക്ക് (കെ-സ്പേസ്) സംരംഭത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
 
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ കേരളത്തിന്‍റെ ശക്തിയെക്കുറിച്ചും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) അവലോകനം നടത്തി.

കേരളത്തിന്‍റെ മനുഷ്യവിഭവ ലഭ്യതയേയും നൂതന സാങ്കേതികവിദ്യയിലെ മികവിനേയും വാള്‍ട്ടര്‍ ഫെറാറ പ്രശംസിച്ചു. പരമ്പരാഗതമായി കേരളത്തെ ഞങ്ങള്‍ ടൂറിസവുമായി ബന്ധപ്പെടുത്താറുണ്ട്. എന്നാല്‍ സാങ്കേതിക മേഖലയില്‍ സംസ്ഥാനം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതി ആഗോള അംഗീകാരം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ക്ക് ശേഷം ടെക്നോപാര്‍ക്കിലെ ഫേസ്-1 കാമ്പസ് വാള്‍ട്ടര്‍ ഫെറാറ സന്ദര്‍ശിച്ചു.
Advertisment