കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ഥിനിക്കു സ്വകാര്യ ബസില്‍ നിന്നു വീണു പരുക്കേറ്റ സംഭവത്തിനു പിന്നാലെ മോട്ടോര്‍വഹാന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വാകാര്യ ബസുകളുടെ മരണപ്പാച്ചിലിനു തടയിനാടനോ അപകടങ്ങള്‍ കുറയ്ക്കാനോ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. ബസുകളില്‍ പരിശോധന നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ മുതിരാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാന്‍ പോലും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ടു പറ്റുന്നില്ല.
സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ മുന്‍ പോട്ടെടുത്ത ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ച് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു സംവത്തിന്റെ ഭീകരത വെളിയില്‍ വന്നത്. അപകടത്തെ തുടര്‍ന്നു ബസ് നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തു വച്ചാണു വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാര്‍ഥിനി തെറിച്ചു റോഡില്‍ വീണതും. അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ബസ് നിര്‍ത്തുവാനോ കുട്ടിക്കു പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. യാത്രക്കാര്‍ ബസില്‍ കയറുന്നതിനു മുന്‍പേ ബസ് മുന്നോട്ടെടുത്താണ് അപകടങ്ങള്‍ സൃഷിക്കുന്നത്. കഴിഞ്ഞ ജൂണില്‍ മാത്രം രണ്ടിലധികം അപകടങ്ങള്‍ സംഭവിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സമയക്രമം പാലിക്കാനും മറ്റു ബസുകളുമായുള്ള മത്സരയോട്ടവുമാണു പലപ്പോഴും അപകടങ്ങള്‍ക്കു വഴിവെക്കുന്നത്.
ചില സമയങ്ങളില്‍ ഓടുന്ന ബസ് പൂര്‍ണമായും നിര്‍ത്താതെ യാത്രക്കാരെ ഇറക്കാന്‍ ശ്രമിക്കുന്നതും പതിവുകാഴ്ചയാണ്. വയോധികരോ ആരോഗ്യപ്രശ്‌നം ഉള്ളവരോ ബസില്‍ കയറുന്നതിനു സമയമെടുത്താല്‍ വേഗം കയറാത്തതിനു ജീവനക്കാരുടെ ശകാരവും കേള്‍ക്കേണ്ടിവരും. ജൂണില്‍ ആര്‍പ്പൂക്കര പിണഞ്ചിറക്കുഴിയില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതോടെ വയോധികന്‍ റോഡിലേക്കു തെറിച്ചു വീണു മരിച്ചിരുന്നു.
ജൂണില്‍ തന്നെ കുട്ടികളുടെ ആശുപത്രിക്കു മുന്നില്‍വെച്ച് യുവതി ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതോടെ റോഡിലേക്കു തെറിച്ചു വീണു പരുക്കേറ്റിരുന്നു. സമയം അതിക്രമിച്ചതിനാല്‍ പെട്ടെന്നു പോകുന്നതിനായി യുവതി ബസിനുള്ളില്‍ കയറുന്നതിനു മുമ്പായി ബസ് എടുത്തതാണ് റോഡിലേക്ക് വീഴുവാന്‍ കാരണം. സമാന സംഭവങ്ങള്‍ പലപ്പോഴും നടക്കാറുണ്ടെന്നു യാത്രക്കാരും പറയുന്നു.