/sathyam/media/media_files/IOnp4Es0KmzCddM3gUPh.jpg)
കൊച്ചി : ബി.ജെ.പിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മുൻ ഡി.ജി.പി ജേക്കബ്ബ് ഇനി ആർ.എസ്.എസിൽ ചേർന്ന് പ്രവർത്തിക്കും. വിജയദശമി ദിനത്തിൽ ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പദസഞ്ചലനത്തിൽ ആർ.എസ്.എസിന്റെ പൂർണ്ണ യൂണിഫോം(ഗണവേഷം) അണിഞ്ഞ് പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
നിലവിൽ ബി.ജെ.പി ഒരു ഭാരവാഹിത്വവും അദ്ദേഹത്തിന് നൽകിയിട്ടില്ല. ഭാരതത്തോട് ചേർന്നു നിൽക്കാനാണ് ആർ.എസ്.എസിൽ സജീവമാകുന്നത്. സംഘത്തിന് രാഷ്ട്രീയമില്ലെന്നും ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സംഘടനയിൽ താനും ഭാഗമാകുകയാണെന്നും മുൻ ഡി.ജി.പി അറിയിച്ചു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ക്രൈസ്തവ വിശ്വാസികളായ കൂടുതൽ ആളുകളെ സംഘപരിവാറിനോട് ചേർത്തു നിർത്തുകയെന്ന രാഷ്ട്രീയ തന്ത്രമാണ് ഇതിലൂടെ ആർ.എസ്.എസും ബി.ജെ.പിയും ലക്ഷ്യം വെയ്ക്കുന്നതെന്ന് മറ്റ് പാർട്ടികൾ കരുതുന്നു.
ബി.ജെ.പിക്ക് എന്നും കിട്ടാക്കനിയായിട്ടുള്ള കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ ആർ.എസ്.എസ് സജീവമായി രംഗത്തുണ്ട്. രണ്ടിടങ്ങളിലും ബി.ജെ.പി ഇതര സർക്കാരുകളാണ് കാലങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. ഗോവയിലേത് പോലെ കേരളത്തിൽ ക്രൈസ്തവ സമുദായത്തെ അടുപ്പിച്ച് നിർത്താനാണ് ബി.ജെ.പിയുടെ ശ്രമം.
എന്നാൽ ഇക്കഴിഞ്ഞയിടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുമുള്ള കത്തോലിക്ക വിഭാഗത്തിലെ മതപുരോഹിതരടക്കമുള്ളവരെ സംഘപരിവാർ സംഘടനകൾ കൈകാര്യം ചെയ്തിരുന്നു. ഇതോടെ ക്രിസ്ത്യൻ വിശ്വാസസമൂഹം ബി.ജെ.പിയോട് വീണ്ടും അകലം പാലിച്ചാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഈ അകലം കുറയ്ക്കാനും ക്രൈസ്തവ സമുദായങ്ങളുടെ പിന്തുണ കൂടുതൽ ഊട്ടയുറപ്പിക്കാനുമാണ് ഉന്നത പദവിയുള്ള ക്രൈസ്തവരെ തേടിപ്പിടിച്ച് ആർ.എസ്.എസിൽ അംഗത്വം നൽകുന്നത്.
ആർ.എസ്.എസിന്റെ മുൻ സർസംഘ ചാലക്കായിരുന്ന ഗോൾവൾക്കർ എഴുതിയ വിചാരധാരയിൽ ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായി കാണണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഇത്തരം വിഷയങ്ങൾ നിലനിൽക്കുമ്പോഴാണ് ആർ.എസ്.എസ് തന്നെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സംഘടനയെ കൂടുതൽ വിശ്വാസ്യതയുള്ളതാക്കി മാറ്റാൻ ശ്രമം നടത്തുന്നത്. ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വർഷ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകളുമായി ആശയവിനിമയത്തിനും ആർ.എസ്.എസ് തയ്യാറാകുമേതാ എന്നത് കണ്ടറിയേണ്ടതുണ്ട്.
മുമ്പ് ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൽ കത്തോലിക്ക സഭയുടെ ഭൂമിയും സ്വത്തും സംബന്ധിച്ച് വന്ന ലേഖനം വലിയ വിവാദമായതോടെ മാസികയ്ക്ക് അത് പിൻവലിക്കേണ്ടതായി വന്നിരുന്നു. അതിന് പിന്നാലെ കേസരിയിലും ക്രൈസ്തവ വിരുദ്ധ ലേഖനം പ്രസിദ്ധീകരിച്ചത് ക്രൈസ്തവ സഭാ നേതാക്കൾക്കിടയിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്താതെ സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്നത് അപ്രസക്തമാണെന്ന തിരിച്ചറിവിലാണ് നിലവിൽ ബി.ജെ.പിയും ആർ.എസ്.എസുമുള്ളത്.
അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവരെ കൂടുതലായി സംഘപരിവാർ ക്യാമ്പിലെത്തിക്കാനുള്ള നീക്കവും സജീവമാക്കിയേക്കും.