/sathyam/media/media_files/2025/12/18/mk-vinod-dig-2025-12-18-15-58-04.jpg)
തിരുവനന്തപുരം: ഏത് കൊടും ക്രിമിനലുകൾക്കും പണം നൽകിയാൽ ജയിലിൽ വി.വി.ഐ.പി പരിഗണനയും ആവശ്യത്തിന് പരോളുമൊക്കെ കിട്ടും. ഇത് ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനത്തെ കാര്യമല്ല. കേരളത്തിൽ നടന്ന സംഭവമാണ്.
ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ വിനോദ് കുമാർ സ്വന്തം ഗൂഗിൾ പേയിലും ഭാര്യയുടെ അക്കൗണ്ടിലും പ്രതികളുടെ ബന്ധുക്കളിൽ നിന്ന് ദശലക്ഷങ്ങൾ വാങ്ങിയതിന് വിജിലൻസ് കേസെടുത്തിരിക്കുകയാണ്.
ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികളായ കൊടിസുനി അടക്കമുള്ളവരിൽ നിന്ന് ഡിഐജി പണം വാങ്ങിയെന്നാണ് കണ്ടെത്തൽ. മയക്കുമരുന്ന് കേസുകളിലെ പ്രതികളിൽ നിന്നും പണം വാങ്ങി.
ഏറെക്കാലമായി ഡി.ഐ.ജിയുടെ പണപ്പിരിവ് ജയിൽ വകുപ്പിൽ ചർച്ചാ വിഷയമാണ്. വിജിലൻസിന് നിരവധി പരാതികളും കിട്ടിയിരുന്നു. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയപ്പോഴാണ് ദശലക്ഷങ്ങളുടെ കൈക്കൂലിയിടപാടുകൾ കണ്ട് വിജിലൻസും ഞെട്ടിയത്.
വിവിധ ജയിലുകളിലെ തടവുകാർക്ക് പരോൾ ലഭിക്കുന്നത് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത്, തടവുകാരുടെയും അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നുമായി 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസെടുത്തിരിക്കുന്നത്. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് വിനോദ് പണം വാങ്ങുന്നതെന്നും കണ്ടെത്തി. 25 ദിവസത്തോളം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടിസുനിയുടെ അടുത്ത ബന്ധുവിൽ നിന്നാണ് ഡിഐജി വിനോദ് കുമാർ പണം വാങ്ങിയത്. ഗൂഗിള്‍ പേ വഴിയാണ് പണം വാങ്ങിയത്. 8 തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് കിട്ടിയിട്ടുണ്ട്.
പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. പരോള്‍ നൽകാനും പരോള്‍ നീട്ടി നൽകാനും ജയിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും ജയിൽ മാറ്റത്തിനുമെല്ലാം കൈക്കൂലി വാങ്ങിയിരുന്നു.
ഡിഐജി വിനോദ് കുമാറിൻെറ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചു.
സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്പെൻഷൻ.
വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജിയായി ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു.
നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയിൽ ആസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നൽകി. വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ പ്രതിയാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us