Advertisment

കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിർത്തണം: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ

New Update

തിരുവനന്തപുരം: സിപിഎമ്മിന്റെ ജമാഅത്ത് പരാമർശത്തിനെതിരെ മറുപടിയുമായി ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. ബിജെപിക്കെതിരെ ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് സിപിഎമ്മിന് അസ്വസ്ഥത ഉണ്ടാകുന്നുവെന്നും സിപിഎം ഇപ്പോൾ വർഗീയത ഉയർത്തുന്നതിന് പിന്നിലെ കുടില തന്ത്രം പ്രബുദ്ധ കേരളം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ (ജി.ഐ.ഒ) നാല്പതാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടത്തിയ ദക്ഷിണ കേരള സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംഘ്‌പരിവാറും ഇടതുപക്ഷ  കക്ഷികളും  നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അപരവത്കരണത്തിൻ്റെ ഇരകൾ മുസ്‌ലിം സമൂഹമാണ്. ഈ അപരവത്കരണത്തെ നമ്മൾ നേരിടണം. മുസ്‌ലിം സമുദായത്തിൻ്റെ ആദർശത്തെയും വ്യക്തിത്വത്തെയും മറച്ചുവെച്ചുകൊണ്ട് വളർത്താൻ ആരും വരേണ്ടതില്ല. ആത്മാഭിമാനമുള്ള പെൺതലമുറയെ വളർത്തിക്കൊണ്ടുവരുകയാണ് ജി.ഐ.ഒ എന്നും അദ്ദേഹം പറഞ്ഞു. 

publive-image

ഇസ്‌ലാം എന്നാൽ ഒരു ആചാരമോ അനുഷ്ഠാനമോ അല്ല, ജീവിതത്തിൻ്റെ വഴികാട്ടിയാണ്. തട്ടമിട്ടതും തട്ടമിടാത്തതുമായ പെൺകുട്ടികൾക്ക് ഈ രാജ്യത്ത് നിർഭയത്തോടെ ഇടപഴകാനുള്ള സ്വാതന്ത്ര്യമുണ്ട്, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ജി.ഐ.ഒ നടത്തുന്ന പോരാട്ടങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 

സമ്മേളനത്തിൽ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് അൽ അഖ്‌സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ, നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സി. ടി. സുഹൈബ്, 

publive-image

നാഷണൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ ജനറൽ സെക്രട്ടറി സമർ അലി, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി. ടി. പി, സ്റ്റുഡൻറ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള ജനറൽ സെക്രട്ടറി  സുഹാന അബ്ദുൽ ലത്തീഫ്, 

ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് അമീൻ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഡോ. സി എം നസീമ, ദക്ഷിണ കേരള സമ്മേളന ജനറൽ കൺവീനർ ആനിസ മുഹ്‌യിദ്ദീൻ എന്നിവർ സംസാരിച്ചു.

Advertisment