/sathyam/media/media_files/2025/11/28/janathadul-s-mathew-t-thomas-2025-11-28-16-30-18.jpg)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ എൽഡിഎഫിലെ ഘടകകക്ഷിയായ ജെഡിഎസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി.
ദേശീയ തലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിലും സംസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിലും തുടരുന്ന പാർട്ടിയെന്ന ആരോപണമാണ് ജനതാദൾ സെക്കുലർ. (ജെഡി-എസ്) നേരിടുന്നത്.
മുൻ പ്രധാനമന്ത്രി ദേവഗൗഡ പ്രസിഡൻ്റായ ജനതാദൾ എസിന് കേന്ദ്ര മന്ത്രിസഭയിൽ അംഗത്വമുണ്ട്. പുതിയ പാർട്ടി രൂപീകരിച്ച് അവരുമായുള്ള ബന്ധം വിച്ഛദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും നിലവിൽ പാർട്ടിയുടെ രണ്ട് എം.എൽ.എമാരും തുടരുന്നത് അതേ ചിഹ്നത്തിലാണ്. അതു കൊണ്ട് തന്നെ കേരളത്തിലെ ഇടതുമുന്നണി സർക്കാരിലും ജെ.ഡി.എസിന് മന്ത്രിയുണ്ട്.
സംഘ പരിവാറിനെ എതിർക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് കൊട്ടിഘോഷി ക്കുമ്പോഴാണ് ജെഡിഎസിനെ ഇടതു മുന്നണിയിൽ തുടരാൻ അനുവദിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദേശീയ തലത്തിൽ ജെഡിഎസ് ദേശീയ മുന്നണിക്കൊപ്പം ചേരാൻ തീരുമാനിച്ചത്.
ദേശീയ നേതൃത്വത്തിൻ്റെ തീരുമാനങ്ങൾക്ക് എതിരായ നിലപാടാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന ഭയത്തിൽ സംസ്ഥാന നിയമ നിയമസഭാംഗങ്ങളായ മന്ത്രി കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും ഇപ്പോഴും ജനതാദളി (എസ്) ൻ്റ ഭാഗമായി തുടരുകയാണ്.
പുതിയ പാർട്ടി രൂപീകരിച്ച് രജിസ്ട്രേഷൻ പൂർത്തിയായിട്ടും രണ്ട് എം.എൽ എ മാർ രാജിവെച്ച് ആ പാർട്ടിയുടെ ഭാഗമാകാനും തയ്യാറായിട്ടില്ല.
ദേവഗൗഡ നേതൃത്വം നൽകുന്ന പാർട്ടിയുടെ ചിഹ്നമായ നെൽക്കറ്റ ഏന്തിയ കർഷക സ്ത്രീ ചിഹ്നത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. 150 ൽപ്പരം സ്ഥാനാർത്ഥികളാണ് ഇടതുമുന്നണിയുടെ ഭാഗമായി ബി.ജെ.പിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ജെ.ഡി എസിൻ്റെ ചിഹ്നത്തിൽ മത്സരിക്കുന്നത്.
അവർ ചിലർ തിരഞ്ഞെടുക്കപ്പെടുകയും മാത്യു ടി അടക്കമുള്ളവർ ഈ നിയമസഭാ കാലയളവിന് ശേഷം പുതിയ പാർട്ടിയിലേക്ക് മാറുകയും ചെയ്യുമ്പോൾ തദ്ദേശത്തിരഞ്ഞെടുപ്പിൽ അവർ ഏത് ജനതാദളിനൊപ്പമാണെന്ന ചോദ്യമാണ് ഉയരുന്നത്.
സാങ്കേതികമായി എൽ.ഡി.എഫിനൊപ്പം എന്ന് പറയാമെങ്കിൽ കൂടി ബി.ജെ.പിക്കൊപ്പം നിൽക്കുന്ന ദേവഗൗഡ വിഭാഗത്തിൻ്റെ അംഗങ്ങളായി അവർക്ക് തുടരേണ്ടി വരും. ഇന്ത്യയിലെ മറ്റൊരു പാർട്ടിയും ഇങ്ങനെ ഒരു നെറികേട് സമീപകാലത്തൊന്നും കാണിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ദേശീയ പാർട്ടിയുമായി ബന്ധം വിച്ചേദിക്കുമെന്ന് പലതവണ കേരള നേതാക്കൾ പറഞ്ഞെങ്കിലും അവരിപ്പോഴും ദേവഗൗഡ നയിക്കുന്ന പാർട്ടിയിലാണ് തുടരുന്നത്.
ദേവഗൗഡയുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ ത്രിതല പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് ചിഹ്നം എങ്ങനെ അനുവദിക്കുമെന്ന ചോദ്യത്തിന് മന്ത്രി കൃഷ്ണൻകുട്ടിക്കും മാത്യൂ ടി തോമസിനും മറുപടി ഇല്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഎമ്മിൻ്റെ ദേശീയ സെക്രട്ടറി എം എ ബേബിക്കും മിണ്ടാട്ടമില്ല.
"ജെഡിഎസിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചതും ഇടത് മുന്നണി ഘടകകക്ഷിയായി നിലനിർത്തിയിരിക്കുന്നതും പിണറായി വിജയന്റെ മഹാമനസ്‌കതയാണ്" എന്നാണ് കേന്ദ്ര മന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി നേരത്തെ പറഞ്ഞത്.
സിപിഎം - ബിജെപി ഒത്തുതീർപ്പിന്റെ രാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് ജെഡിഎസ് മന്ത്രിസഭയിൽ തുടരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
സംഘപരിവാർ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന പ്രതിപക്ഷ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ജെഡിഎസ് സ്ഥാനാർത്ഥികൾ ഇടതുമുന്നണിക്കൊപ്പം മത്സരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us