കണ്ണൂര്‍: പെരിയ കേസിലെ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ കണ്ണൂരിലെ ജയിലില്‍ എത്തിച്ചു. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു. കുറ്റവാളികളുടെ അപേക്ഷ പരിഗണിച്ച് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജയില്‍ മാറ്റിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പ്രതികള്‍ ജയിലിലെത്തിയത്.
കാക്കനാട് ജയിലില്‍ നിന്ന് അഞ്ച് പ്രതികളേയും വിയ്യൂര്‍ ജയിലില്‍ നിന്ന് ഒന്‍പത് പ്രതികളേയുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്.
ജയില്‍ ഉപദേശക സമിതി അംഗമായ സിപിഐഎം നേതാവ് പി.ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കെ വി കുഞ്ഞിരാമനെ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ടെന്നായിരുന്നു പി ജയരാജന്‍ പ്രതികരിച്ചത്.
പി ജയരാജന്റെ പ്രസംഗം
മണികണ്ഠന്‍ സിപിഐഎമ്മിന്റെ ഏരിയ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മറ്റി അംഗമാണ്. അവര്‍ ഉള്‍പ്പടെയുള്ള അഞ്ച് സഖാക്കളെ കണ്ട് സംസാരിച്ചു.
അവര്‍ക്ക് എന്റെ ഒരു പുസ്തകവും കൊടുത്തു. ജയില്‍ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്.
നല്ല വായനക്കാരാണവര്‍. വായിച്ച് അവര്‍ പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാന്‍ പോകുന്നില്ല. തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാഭാവികമായും പറഞ്ഞുവെച്ചതാണ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരായവര്‍ക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യം ചുമത്തിയത് പെഷവാര്‍ ഗൂഢാലോചന കേസാണ്. പല കേസുകളും ഇത്തരത്തില്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് പി ജയരാജന്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം അവസാനിപ്പിക്കണമെന്നാണ് സിപിഐഎമ്മും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമ സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും എല്ലാ അക്ര സംഭവങ്ങളും അവസാനിപ്പിക്കണമെന്നാണ് കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരം പിടിപെട്ടിരിക്കുകയാണ്. ഇരട്ടക്കൊലയെ കുറിച്ച് പറയുമ്പോള്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ 2020ല്‍ തിരുവോണത്തിന്റെ തലേദിവസം സിപിഐഎമ്മിന്റെ രണ്ട് പ്രവര്‍ത്തകന്‍മാരെ കൊലപ്പെടുത്തിയിട്ടുണ്ട്.
മറവി രോഗം ബാധിച്ചിട്ടുള്ള ' മ ' പത്രങ്ങള്‍ക്ക് അത് ഓര്‍മ വരുന്നില്ലെന്നും രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചു. കഴിഞ്ഞ എട്ടര വര്‍ഷക്കാലം, എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് പൊതുവില്‍ വര്‍ഗീയ സംഘര്‍ഷങ്ങളൊക്കെയില്ലാത്ത, സാമൂഹ്യമായ സമാധാനം നിലനില്‍ക്കുന്ന അന്തരീക്ഷമാണെന്നും ആ അന്തരീക്ഷം സംരക്ഷിക്കണമെന്നും എവിടെയും ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.