/sathyam/media/media_files/2025/09/27/untitled-2025-09-27-12-55-59.jpg)
പാലാ: ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന ദുരൂഹമായ മൗനം മുതലെടുത്തു ക്രൈസ്തവ സമൂഹത്തെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാന ചര്‍ച്ചാ വിഷയമാക്കാന്‍ തയാറെടുക്കുകയാണ്.
റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിച്ച് ആവശ്യമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍. 2023-മെയ് 17ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ഇതുവരെ പൂര്‍ണമായി പുറത്തുവിട്ടിട്ടില്ല.
പഠന റിപ്പോര്‍ട്ടിന്റെ ഒരധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ശിപാര്‍ശകള്‍ മാത്രമാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 284 ശിപാർശകളാണ് റിപ്പോർട്ടിൽ ഉള്ളത്.
റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ ഗൂഡാലോചനയും അട്ടിമറി സാധ്യതകളും വ്യക്തമാണ്.
വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പളില്‍ പ്രതിഷേധ സാധ്യത മുന്നില്‍കണ്ട് റിപ്പോര്‍ട്ടിന്റെ നടപ്പാക്കലിനുവേണ്ടി വിശദമായി പഠിക്കുവാന്‍ ഒരു വിദഗ്ധസമിതിയെ വീണ്ടും പ്രഖ്യാപിച്ച് സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ അവഹേളിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം ബി.ജെ.പി ഉയര്‍ത്തിക്കാട്ടും.
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അടിയന്തരമായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും സമയ ബന്ധിതമായി ക്രൈസ്തവ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ മുഖവിലയ്ക്കെടുത്ത് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുകയും ചെയ്യണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു വരും നാളുകളില്‍ ബി.ജെ.പി സമര പരിപാടികള്‍ക്കും നേതൃത്വം കൊടുക്കും. വൈദികരെയും സമുദായ നേതാക്കളെയും പ്രതിഷേധത്തിൽ ഒപ്പം കൂട്ടും.
പി.എസ്.സി. നിയമനങ്ങളില്‍ ക്രൈസ്തവരിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും കൂടുതല്‍ സംവരണം നല്‍കുക.
തീരദേശ, മലയോര മേഖലകളിലെ കര്‍ഷകര്‍ക്കു വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെയും കൂടുതല്‍ സഹായങ്ങള്‍ നല്‍കുക. മദ്രസാ അധ്യാപകര്‍ക്കു സമാനമായി സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കു ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക.
പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കു കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുക തുടങ്ങിയ നര്‍ദേശങ്ങളാണു റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന ഭാഗത്തുള്ളത്.
നിയമപരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നിഷേധ നിലപാട് സര്‍ക്കാര്‍ തുടരുമ്പോള്‍ സര്‍ക്കരിന്റെ ഇരട്ടത്താപ്പ് വ്യക്തമാണെന്നു ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നുണ്ടായ അനുകൂലമായ പ്രതികരണം വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ന്നും ബി.ജെ.പിക്കു ലഭിക്കുമെന്നു നേതൃത്വം കണക്കുകൂട്ടുന്നു. ഈ പിന്തുണ വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.