/sathyam/media/media_files/2025/10/04/kanakkari-2025-10-04-22-34-31.jpg)
കോട്ടയം : ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി.
കോട്ടയം ശാസ്ത്രി റോഡിൽ കാനറ ബാങ്കിനടുത്ത പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. പ്രതി സാം കെ.ജോർജിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഈ കാറിന്റെ ഡിക്കിയിൽ കയറ്റിയാണ് 26നു രാത്രി ചെപ്പുകുളത്തെത്തിച്ച് കൊക്കയിലെറിഞ്ഞത്.
കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട കേസിൽ ഇന്നലെയാണ് ഭർത്താവ് സാം കെ.ജോർജിനെ (59) മൈസൂരുവിൽ അറസ്റ്റുചെയ്തത്.
ഇയാൾക്കൊപ്പം ഒരു ഇറാനിയൻ യുവതിയുമുണ്ടായിരുന്നു. മറ്റു സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണം.
സാമിനൊപ്പമുണ്ടായിരുന്ന ഇറാനിയൻ വനിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു കോട്ടയം എസ്‌പി പറഞ്ഞു.
സാമിനും ജെസിക്കും മൂന്നു മക്കളാണുള്ളത്. ദിവസവും അമ്മയെ ഫോൺ വിളിക്കാറുള്ള മക്കൾ 26ന് പലതവണ വിളിച്ചിട്ടും കിട്ടിയില്ല. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കൊടുവിൽ പ്രതി പിടിയിലായത്.
ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വർഷമായി സാമും ജെസിയും താമസിച്ചിരുന്നത്. 26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടിൽ വച്ച് തർക്കമുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു.
പിന്നീട് കിടപ്പുമുറിയിൽ വച്ച് മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടർന്ന് സാം മൈസൂരുവിലേക്കു കടക്കുകയായിരുന്നു.