മലപ്പുറത്ത് ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണം കവർന്നു; ആക്രമികളുടെ വാഹനം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും നമ്പർ വ്യാജം, അന്വേഷണം ഊർജിതമാക്കി പോലീസ്

New Update
57577

മലപ്പുറം: ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെ.എം ജ്വല്ലറി ഉടമകളായ യൂസുഫ്, സഹോദരൻ ഷാനവാസ് എന്നിവരെയാണ് പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിനു സമീപം വാഹനത്തിലെത്തിയവർ ആക്രമിച്ചത്.

Advertisment

സ്കൂട്ടറിന് വാഹനം വിലങ്ങിട്ട് മൂക്കിനിടിച്ചുവീഴ്ത്തി പിറകിലുള്ളയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇതിനിടയിൽ മുഖത്തേക്ക് ഒരു സ്പ്രേയടിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. പഴയ അലങ്കാർ തിയറ്ററിനു സമീപമാണ് ഇവരുടെ വീട്. വീടിനടുത്ത് എത്തുന്നതിന് അൽപം മുമ്പായിരുന്നു ആക്രമണവും കവർച്ചയും. മഹേന്ദ്ര കമ്പനിയുടെ വാഹനത്തിലാണ് ആക്രമികളെത്തിയത്.

വിവരമറിഞ്ഞ ജ്വല്ലറി അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ ബന്ധപ്പെട്ടതോടെ ആക്രമികളെ പിടികൂടാൻ പൊലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി. വാഹനം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും നമ്പർ വ്യാജമാണെന്ന സൂചനയുണ്ട്. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Advertisment