/sathyam/media/media_files/2025/04/07/0hccEYcvX0vy3Gvb0ey2.jpg)
കണ്ണൂര്‍: മാധ്യമ രംഗത്ത് തിളങ്ങി താര പരിവേഷത്തിലേക്കുയര്‍ന്ന രണ്ടു ചാനല്‍ മേധാവികളാണ് സിപിഎമ്മില്‍ സജീവമായി പാര്‍ട്ടിയുടെ നേതൃ തലങ്ങളിലേക്കുയര്‍ന്നത്. കൈരളി ചാനല്‍ എം ഡി ആയി ഇപ്പോഴും തുടരുന്ന ജോണ്‍ ബ്രിട്ടാസും റിപ്പോര്‍ട്ടര്‍ ടി വിയുടെ തലപ്പത്തുണ്ടായിരുന്ന എം വി നികേഷ് കുമാറും. രണ്ടു പേരും കണ്ണൂരുകാര്‍ എന്ന പ്രത്യേകതയും ഉണ്ട്.
സിപിഎമ്മിലെ തീപ്പൊരിയായിരുന്ന പുറത്താക്കപ്പെട്ടപ്പോള്‍ സി എം പി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു കൊണ്ട് സിപിഎമ്മിനോട് ഒറ്റയ്ക്കു പട പൊരുതിയ എം വി രാഘവന്റെ മകനാണ് എം വി നികേഷ് കുമാര്‍. മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു ശേഷം കണ്ണൂരില്‍ സ്ഥിര താമസമാക്കിയ നികേഷ്‌കുമാര്‍ നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. അതിനു മുന്‍പ് ക്ഷണിതാവായിരുന്നു.
/sathyam/media/media_files/HAGvQsUIHjsIJUoT2BzU.jpg)
നികേഷിനും വളരെക്കാലം മുന്‍പേ സിപിഎമ്മില്‍ സജീവമായ ജോണ്‍ ബ്രിട്ടാസ് പിണറായിയുടെ വിശ്വസ്തനായി. ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തനത്തിനിടയില്‍ കൈരളി ടി വി യുടെ എം ഡി ആയി പിണറായി നിയോഗിച്ചത് മുതലാണ് ജോണ്‍ ബ്രിട്ടാസ് സജീവ രാഷ്ട്രീയത്തിലേക്ക് കരുതലോടെ കളത്തിലിറങ്ങാന്‍ കാത്തു നിന്നത്.
പ്രതീക്ഷിച്ചത് പോലെ ബ്രിട്ടാസ് രാജ്യസഭയിലേക്കെത്തി. ക്രമേണ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവും അംഗവുമായി.
ഇപ്പോള്‍ മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായി ഉയര്‍ന്നു. രാജ്യസഭയിലെ പ്രകടനവും ഭാവിയില്‍ സിപിഎം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള നേതാവുമെന്ന നിലയില്‍ ബ്രിട്ടാസിന്റെ സ്ഥാനക്കയറ്റത്തിന് പ്രാധാന്യമുണ്ട്.
ജനറല്‍ സെക്രട്ടറി ആയ എം എ ബേബിയുടെ അടുപ്പക്കാരില്‍ പ്രധാനിയുമാണ് ബ്രിട്ടാസ്. ആകെയൊരു ബ്ലാക്ക് മാര്‍ക്ക് ഇടക്കാലത്ത് കൈരളി വിട്ട് ഏഷ്യാനെറ്റില്‍ പോയി എന്നതാണ്. കണ്ണൂരിലെ ശ്രീകണ്ഠപുരം പുലിക്കുരുമ്പ സ്വദേശിയാണ് ബ്രിട്ടാസ് .
/sathyam/media/media_files/GKYplJMWwIEYm5sLuERM.jpg)
അതേസമയം എം വി നികേഷ് കുമാര്‍ സിപിഎമ്മിന്റെ ഉയര്‍ന്ന പദവികളിലെത്താന്‍ ഇനിയും കാത്തിരിക്കണം എന്നതാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തെളിയുന്നത്. അഴീക്കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ കെ എം ഷാജിക്കെതിരെ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു നികേഷ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള ഏതെങ്കിലും ഒരു സീറ്റ് പാര്‍ട്ടി നല്‍കുമെന്ന പ്രതീക്ഷ നികേഷ്‌കുമാറിന്റെ ഉള്ളിലുണ്ട്. മാധ്യമ രംഗത്തെ അറിയപ്പെടുന്ന ആളായ നികേഷിനെ പോലൊരാളെ താഴെക്കിടയിലുള്ള ഘടകങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സിപിഎമ്മും തയ്യാറാകില്ല.
നിലവില്‍ പ്രാദേശിക തലങ്ങളിലെ പാര്‍ട്ടി പൊതുയോഗങ്ങളിലും മറ്റും സാന്നിധ്യമാണ് നികേഷ് കുമാര്‍. നികേഷ്‌കുമാറിന്റെ ഇന്ത്യവിഷന്‍ കാലത്ത് സജീവ മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രി എന്നതോടൊപ്പം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായതും ഇതിനിടയില്‍ മറ്റൊരു സവിശേഷതയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us