Advertisment

പ്രസാദഗിരി പള്ളിയിലേക്ക് പോയത് ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ സന്നദ്ധനായെന്നു വി.കുര്‍ബാനയ്ക്കിടെ അക്രമിക്കപ്പെട്ട ഫാ. ജോണ്‍ തോട്ടുപ്പുറം. തന്റെ സഹനം അതിരൂപതയിലെ പ്രശ്‌നം പരിഹരിക്കാന്‍ ദൈവം ഒരുക്കിയ അവസരം. ഇപ്പോള്‍ മതിയായില്ലേയെന്ന് ആക്രോശിച്ചു വിരല്‍ ചൂണ്ടി വിമത വൈദീകന്‍ ഫാ. ജെറിന്‍. ഫാ ജോണ്‍ തോട്ടുപ്പുറം പ്രതികരിക്കുന്നു- വീഡിയോ കാണുക

അവര്‍ എന്നെ ബലമായി വട്ടം പിടിച്ചു ഉന്താനും വലിക്കാനും തുടങ്ങി. എന്നെ ബലിപഠീത്തിന്റെ സമീപമുള്ള സങ്കീര്‍ത്തിയുടെ വാതിലിലേക്കു വലിച്ചെറിഞ്ഞു.

New Update
jhomUntitledindian

Advertisment

കോട്ടയം: കുര്‍ബാന തര്‍ക്കം നടക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ പ്രസാദഗിരി പള്ളിയിലേക്കു പോയത് ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ സന്നദ്ധനയെന്നു  വി.കുര്‍ബാനയ്ക്കിടെ അക്രമിക്കപ്പെട്ട ഫാ. ജോണ്‍ തോട്ടുപ്പുറം. 


തന്റെ സഹനം അതിരൂപതയിലെ പ്രശ്‌നം പരിഹരിക്കാന്‍ ദൈവം ഒരുക്കിയ അവസരമാണെന്നും അക്രമങ്ങള്‍ക്കിടയ്ക്കു താന്‍ തളര്‍ന്നിരുന്നപ്പോള്‍ ഇപ്പോള്‍ മതിയായില്ലേയെന്ന് ആക്രോശിച്ചു വിരല്‍ ചൂണ്ടി വിമത വൈദീകന്‍ ഫാ. ജെറിന്‍ പാഞ്ഞടുത്തുവെന്നും ഫാ. ജോണ്‍ തോട്ടുപ്പുറം 'സത്യം ഓണ്‍ലൈനോട്' പങ്കുവെച്ചു


ഒരു സംഘര്‍ഷ ഭൂമിയിലേക്കാണു പോകുന്നതെന്ന ബോധ്യത്തോടെയാണു പ്രാസാദഗിരി പള്ളിയിലേക്കു പോകുന്നത്. ശ്ലീഹന്‍മാര്‍ ചെറിയ മുറിവുണ്ടായി മരിച്ചവര്‍ അല്ല, പീഡനവും മരണവും കണ്ടുകൊണ്ടു തന്നെ ധീരതയോടെ സ്വീകരിക്കാന്‍ തയാറായി വന്ന വരാണ്. അതു പോലെ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായേക്കും എന്ന ബോധ്യം മനസില്‍ ഉണ്ടായിരുന്നു. 

പ്രാര്‍ഥിച്ചുകൊണ്ടാണു പോയത്. എന്തു വന്നാലും നേരിടാന്‍ തന്നെ ഒരുങ്ങിയിരുന്നു. കുര്‍ബാനയ്ക്കു വേണ്ടി മരിക്കാന്‍ തയാറായാണ് അവിടേക്കു പോയത്.


ശ്ലീഹന്‍മാര്‍ സുഖിച്ചു തിരുനാള്‍ ആഘോഷിച്ചു നടന്നവരല്ല. അവര്‍ മരിക്കാന്‍ തയാറായി തന്നെയാണു വന്നത്. വരുന്നത് വരുന്നിടത്ത് കണ്ടേക്കാം, മരിക്കണമെങ്കില്‍ മരിച്ചേക്കാമെന്നും ഫെബ്രുവരി ഒന്നിനു നടന്ന ദാരുണ സംഭവങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് ഫാ. ജോണ്‍ തോട്ടുപുറം പറഞ്ഞു


Untitledindianjho

മര്‍ദനത്തിനിരയായ  ഫാ. ജോണ്‍ തോട്ടുപുറം ഇപ്പോള്‍ കുറവിലങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി തന്നെ വിളിച്ചിരുന്നു.. അദ്ദേഹം പറഞ്ഞത് അച്ചന്റെ ഈ സഹനം എറണാകുളം - അങ്കമാലി രൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നിമിത്തമായിരിക്കുമെന്നായിരുന്നു. 

എനിക്കും അതു തോന്നുന്നുണ്ട്. മൂന്നു വര്‍ഷമായി ഈ അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷം തുടങ്ങിയിട്ട്. ഒരു ശാന്തതയും പള്ളികളില്‍ ഇല്ല. ഒരുപക്ഷേ, ഈ ഒരു പ്രശ്‌നത്തോടുകൂടിയാകും എന്തെങ്കിലും നിര്‍ണായകമായ തീരുമാനം എടുക്കാന്‍ സഭാ അധികാരികളുടെ കണ്ണു തുറപ്പിക്കുമെന്നു ഞാന്‍ കരുതുന്നു.


മാര്‍ ജോസഫ് കല്ലറങ്ങാട്ട്, നേരിട്ടെത്തി തന്നെ സന്ദര്‍ശിച്ചു സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ ബോസ്‌കോ പുത്തൂര്‍, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, അതിരൂപതയില്‍ നിന്നു വികാരി ജനറാള്‍ അച്ചന്‍ ഉള്‍പ്പടെ തന്നെ കാണാന്‍ വരുകയും നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു


സീറോമലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലും തന്നെ വിളിച്ചിരുന്നു. അച്ചന്‍ ധൈര്യമായി ഇരിക്കു, പ്രശ്‌നങ്ങള്‍ ഒക്കെ തീരുമെന്നും മാര്‍ തട്ടില്‍ പറഞ്ഞതായി ഫാ. ജോണ്‍ തോട്ടുപ്പുറം പറഞ്ഞു.

അതിരൂപതയില്‍ നിന്നു പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി എന്ന നിയമിച്ചതോടെയാണ് പ്രസാദഗിരി പള്ളിയിലേക്കു പോകുന്നത്. എന്നോട് എത്രയുംവേഗം ശരിയായ കുര്‍ബാന അര്‍പ്പിക്കണമെന്നു വിശ്വാസികള്‍ ആവശ്യപ്പെട്ടു. ഞാന്‍ വിശാസികളുമായി ആലോചിച്ചു  ഫെബ്രുവരി ഒന്നിനു സമയം നിശ്ചയിക്കുകയും ചെയ്തു. 

അങ്ങനെ വലിയൊരു ആഗ്രഹത്തോടുകൂടിയാണു രാവിലെ 9.30ന് കുര്‍ബാനയ്ക്കായി പള്ളിയില്‍ എത്തിയത്. പള്ളിക്കകത്തു കയറിയതിനു തൊട്ടുപിന്നാലെ ഫാ. ജറിന്‍ ഓടിവന്നു. അച്ചന്‍ എന്തു ചെയ്യാന്‍ പോവുകയാണെന്നു ചോദിച്ചു. ഞാന്‍ കുര്‍ബാന ചൊല്ലാന്‍ പോവുകയാണെന്നു മറുപടിയും നല്‍കി. പക്ഷേ, അച്ചന്‍ കുര്‍ബാന ചൊല്ലാന്‍ പാടില്ലെന്നു പറഞ്ഞു ഫാ. ജെറിന്‍ തടസം നിന്നു.


ഞാന്‍ ഫാ. ജെറിനോട് പറഞ്ഞത്, എന്നെയാണ് ഈ പള്ളിയിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി നിയമിച്ചിരിക്കുന്നത്. അതുകൊണ്ടു എനിക്കു കുര്‍ബാന ചൊല്ലണം, അച്ചന്‍ അതു തടസപ്പെടുത്തേണ്ട ആവശ്യമില്ലെന്നു പറയുകയും ചെയ്തു


ഞാന്‍ സങ്കീര്‍ത്തിയില്‍ നിന്നു അള്‍ത്തരയില്‍ ചെന്നു കര്‍ബാന ആരംഭിച്ചു. അപ്പോഴേയ്ക്കും വിശ്വാസികള്‍ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ വേണ്ടി പള്ളിയുടെ വാതില്‍ അടച്ചിരുന്നു. കുര്‍ബാന ചൊല്ലുന്ന സമയത്തു പള്ളിയുടെ വാതിലില്‍ ആളുകള്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

കാറോസൂസ പ്രാര്‍ഥന കഴിഞ്ഞു സങ്കീര്‍ത്തിയിയുടെ ഭാഗത്തു കൂടി എട്ടു പത്തുപേര്‍ ചാടി വന്നു. എന്റെ കൈയില്‍ ഇരുന്ന കുര്‍ബാന പുസ്തകം വലിച്ചു പറിച്ചു വാങ്ങിച്ചു. ബൈബിള്‍ എടുത്തുകൊണ്ടു പോയി. മൈക്ക് സ്റ്റാന്‍ഡ് മറിച്ചിട്ടു. എന്നെ ആളുകള്‍ വട്ടം കയറി പിടിച്ചു.  ബലി അര്‍പ്പിക്കാന്‍ നില്‍ക്കുന്നതു കാരണം എനിക്കു മാറാന്‍ പറ്റില്ല. 

അപ്പോള്‍ അവര്‍ എന്നെ ബലമായി വട്ടം പിടിച്ചു ഉന്താനും വലിക്കാനും തുടങ്ങി. എന്നെ ബലിപഠീത്തിന്റെ സമീപമുള്ള സങ്കീര്‍ത്തിയുടെ വാതിലിലേക്കു വലിച്ചെറിഞ്ഞു.


ഞാന്‍ കമഴ്ന്നടിച്ചു വീണു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു പറ്റുന്നുണ്ടായിരുന്നില്ല. ആരോ എന്നെ വന്നു പിടിച്ചിരുത്തി. പക്ഷേ, പിന്നെയും പ്രശ്‌നക്കാര്‍ വന്നു വീണ്ടും ബലമായി വട്ടം പിടിച്ചു വലിച്ചിറക്കി


തളര്‍ന്നു പോയതിനെ തുടര്‍ന്ന് ആരോ കൊണ്ടു വന്നു തന്ന സ്റ്റൂളില്‍ ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. അപ്പോള്‍ ഫാ. ജെറിന്‍ 'ഇപ്പോള്‍ മതിയായില്ലേ'... എന്ന് ആക്രോശിച്ചുകൊണ്ട് എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ടു വന്നു. പിന്നീട് ഉന്തും തള്ളും അടിയും ബഹളവുമായി. എന്നെ ആശുപത്രിയിലേക്കും കൊണ്ടു പോയതായി ഫാ. ജോണ്‍ പറഞ്ഞു.

Advertisment