കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടിയ അഭിഭാഷകയും രണ്ടു പിഞ്ച് മക്കളും മരിച്ചു.
ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5) , പൊന്നു (2) എന്നിവരാണു മരിച്ചത്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
മുത്തോലി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നു ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്.
ഇതോടെ നാട്ടുകാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയും നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും, രണ്ടു കുട്ടികളെയും രക്ഷിക്കുകയായിരുന്നു.
ഈ സമയത്ത് തന്നെയാണ് അമ്മയെ സമീപത്തെ ആറ്റിറമ്പില്‍ ആറുമാനൂര്‍ ഭാഗത്തു നിന്നും നാട്ടുകാര്‍ തന്നെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണമ്പുര ഭാഗത്ത് മക്കളുമൊത്ത് സ്‌കൂട്ടറില്‍ എത്തിയ ശേഷമാണ് യുവതി ആറ്റില്‍ ചാടിയത്. സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞതോടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)