''ജീവനുണ്ടെടാ വേഗം വണ്ടിയെടുക്ക്, ആശുപത്രിയില്‍ കൊണ്ടുപോകാം'. കണ്ണമ്പുര കടവില്‍ ചൂണ്ടയിടുന്നതിനിടെയാണു നാട്ടുകാരില്‍ ചിലര്‍ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. ആറ്റിലൂടെ ഒരു കുട്ടി ഒഴുകിവരുന്നു. കുട്ടിയെ ആറ്റില്‍ നിന്ന് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു എന്ന് നാട്ടുകാര്‍

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഏറ്റുമാനൂര്‍ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍നിന്ന് കുഞ്ഞുങ്ങളുമായി ജിസ് മോള്‍ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.

New Update
Untitledwqfjismol

കോട്ടയം: ഇന്നലെ ഉച്ചയോടെ പേരൂര്‍ കണ്ണമ്പുര കടവില്‍ ചൂണ്ടയിടുന്നതിനിടെയാണു നാട്ടുകാരില്‍ ചിലര്‍ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. ആറ്റിലൂടെ ഒരു കുട്ടി ഒഴുകി വരുന്നു. പിന്നാലെ നാട്ടുകാരില്‍ രണ്ടുപേര്‍ ആറ്റിലേക്കു ചാടി.

Advertisment

'ജീവനനുണ്ടെടൊ വേഗം വണ്ടിയെടുക്ക്...ആശുപത്രിയില്‍ കൊണ്ടുപോകം''..കുട്ടിയെ ആറ്റില്‍ നിന്ന് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നു നാട്ടുകാര്‍ പറയുന്ന വീഡിയോ പുറത്തു വന്നു.

ആദ്യത്തെ കുട്ടിയെ കണ്ടതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് രണ്ടാമതൊരു കുട്ടിയെയും ആറുമാനൂര്‍ ഭാഗത്തെ പുഴയില്‍ അമ്മയെയും കണ്ടെത്തിയത്. 


നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. ഹൈകോടതി അഭിഭാഷകയായ കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്‌മോള്‍ തോമസ് (32), മക്കളായ നേഹ മരിയ(നാല്), നോറ ജിസ് ജിമ്മി (പൊന്നു-ഒന്ന്) എന്നിവരാണു മരിച്ചത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഏറ്റുമാനൂര്‍ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍നിന്ന് കുഞ്ഞുങ്ങളുമായി ജിസ് മോള്‍ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.

കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

സംഭവം നടന്നതിന് സമീപത്ത് ജിസ്‌മോള്‍ എത്തിയ സ്‌കൂട്ടറും കണ്ടെത്തി. ഇതില്‍ അഡ്വക്കേറ്റെന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. രാവിലെയും ജിസ്‌മോള്‍ ആത്മഹത്യ ശ്രമം നടത്തിയതായി സൂചനയുണ്ട്.


കൈത്തണ്ട മൂറിച്ച ഇവര്‍ കുട്ടികള്‍ക്കു വിഷവും നല്‍കിയിരുന്നു. എന്നാല്‍, കുട്ടികള്‍ ഛര്‍ദ്ദിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടതായാണു പോലീസിന്റെ നിഗമനം. പിന്നാലെയാണു പുഴയില്‍ ചാടിയത്.


സംഭവസമയത്ത് ജിസ്‌മോളും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജിമ്മിയുടെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടു മറ്റുള്ളവര്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടു നല്‍കും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)